കോട്ടയം: കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നൽകിയ നിർദേശങ്ങൾ പാലിച്ച് തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ എല്ലാം ഒഴിവാക്കിയിരുന്നു. നൂറുകണക്കിന് ഭക്തരുടെ നാമജപത്തിന്റെ അകമ്പടിയിലാണ് ഇന്നലെ കൊടിയേറ്റ് നടന്നത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശം മാനിച്ച് ഉത്സവത്തിന് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ മാത്രമാണ് ഉണ്ടാകുക. ഉത്സവബലി പോലും വേണ്ടെന്നു വച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിനും ആഘോഷങ്ങൾക്കും ആറാട്ടിനും ആനയ്ക്കു പകരം ജീവിത ഉപയോഗിക്കും.
പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മാർച്ച് 23 ന് ആറാട്ടോടെ സമാപിക്കും. ആറാട്ട് വഴിയിൽ പറ എടുക്കേണ്ടെന്നും, ആറാട്ട് സദ്യ ഒഴിവാക്കാനും ക്ഷേത്ര ഉപദേശക സമിതി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഉത്സവത്തിന്റെ പള്ളിവേട്ട 22ന് രാത്രി എട്ടിനും, 23ന് ആറാട്ടിന് ശേഷം രാത്രി 11ന് കൊടിയിറക്കവും നടക്കും.