കോട്ടയം: ഒ.എൽ.എക്‌സിൽ വിൽപ്പനയ്‌ക്കായി പരസ്യം നൽകിയിരുന്ന ബൈക്ക് തട്ടിയെടുത്ത കേസിൽ ആലുവ സ്വദേശിയായ യുവാവ് പിടിയിൽ. ആലുവ യു.സി കോളേജിനു സമീപം കയ്യാലയിൽ വീട്ടിൽ വിഷ്‌ണുവിനെയാണ് (19) ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ‌്തത്. കഴിഞ്ഞ 11നായിരുന്നു കേസിനാസ്‌പദമായ സംഭവം. നാട്ടകം സ്വദേശിയായ യുവാവ് തന്റെ ഡ്യൂക്ക് ബൈക്ക് വിൽപ്പനയ്‌ക്കുണ്ടെന്നു ഒ.എൽ.എക്‌സിൽ പരസ്യം നൽകിയിരുന്നു. പരസ്യം കണ്ടാണ് വിഷ്‌ണു യുവാവിനെ ഫോണിൽ ബന്ധപ്പെട്ടത്. ബൈക്കുമായി റെയിൽവേ സ്റ്റേഷൻ ഭാഗത്ത് എത്താൻ വിഷ്‌ണു യുവാവിനോടു ആവശ്യപ്പെട്ട്. ഇത് അനുസരിച്ച് നാട്ടകം സ്വദേശി ബൈക്കുമായി റെയിൽവേ സ്റ്റേഷനിൽ എത്തി.
തുടർന്നു, ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ വിഷ്ണു ആവശ്യപ്പെട്ടു. ബൈക്ക് ഓടിച്ചു നോക്കുന്നതിനിടെ വിഷ്ണു ബൈക്കുമായി സ്ഥലം വിടുകയായിരുന്നു. തുടർന്നു പൊലീസ് ഫോൺ നമ്പർ പിൻതുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.