കോട്ടയം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിലെ ഇതരസംസ്ഥാന വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശപ്രകാരം പൊലീസാണ് ടി.ബി റോഡിലെയും, നഗരത്തിലെ വിവിധ സ്ഥലങ്ങളിലെയും വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചത്. ഞായറാഴ്‌ചകളിൽ വഴിയോരത്ത് ഇവരുടെ കച്ചവടം തകൃതിയായിരുന്നു.
സാധനം വാങ്ങാൻ എത്തുന്നവരിൽ ഭൂരിപക്ഷവും ഇതരസംസ്ഥാനക്കാരാണ്. പലരും മാന്യമായി വസ്‌ത്രം ധരിക്കാത്തവരും ശുചിത്വം പാലിക്കാത്തവരുമാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. സാധാരണ ഞായറാഴ്‌ച ദിവസങ്ങളിൽ നൂറിലേറെ ഇതരസംസ്ഥാനക്കാരാണ് നഗരത്തിൽ കച്ചവടത്തിന് എത്തുന്നത്. ഇന്നലെ ഇതിന്റെ പകുതി പോലും ആളുകൾ എത്തിയിരുന്നില്ല. ഇവർ കൂടി ഒഴിപ്പിക്കപ്പെട്ടതോടെ നഗരം വിജയനമായ അവസ്ഥയിലായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെയും, റെയിൽവേ സ്റ്റേഷനിലെയും ചുരുക്കം ചില കടങ്ങൾ തുറന്നു പ്രവർത്തിച്ചിരുന്നെങ്കിലും നഗരത്തിലെ മിക്ക സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.
റെയിൽവേ സ്റ്റേഷനിൽ ഹെൽപ്പ് ഡെസ്‌ക്
റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് കൊറോണ ബോധവത്കരണത്തിനായി ഹെൽപ്പ് ഡെസ്‌ക് തുറന്നു. രോഗികളുടെ ശരീരതാപനില അളക്കാനുള്ള ഉപകരണങ്ങൾ അടക്കം ഇവിടെയുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലത്തു നിന്നാരെങ്കിലും എത്തിയാൽ ഇവർക്ക് വേണ്ട നിർദ്ദേശങ്ങളും നൽകുന്നുണ്ട്.