പൊൻകുന്നം : വാട്ടർഅതോറിട്ടി വെട്ടിപ്പൊളിച്ച ഇരുപതാംമൈൽ - മണിമലക്കുന്ന് റോഡ് പൂർവസ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വെള്ളം കിട്ടുന്നില്ലെന്ന നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടർന്ന് തകരാറിലായ പൈപ്പുകൾ നന്നാക്കുന്നതിനാണ് റോഡ് വെട്ടിപ്പൊളിച്ചത്. പൊളിക്കുന്ന റോഡ് നന്നാക്കാമെന്നതായിരുന്നു വ്യവസ്ഥയെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയായില്ല. ഒന്നര വർഷം മുമ്പ് എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ മുടക്കി റീടാർ ചെയ്ത റോഡാണിത്. ദേശീയ പാതയേയും 19ാം മൈൽ ഗവ. ആശുപത്രിപടി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടു കിലോമീറ്റർ റോഡിന്റെ പത്തോളം ഭാഗങ്ങളാണ് വെട്ടിപ്പൊളിച്ചത്. ജനത്തിരക്ക് ഏറെയുള്ള പ്രദേശമാണിവിടം. ഇരുചക്രവാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളും നിരന്തരം സഞ്ചരിക്കുന്ന പാതയിൽ ഇപ്പോൾ കാൽനടയാത്രപോലും ദുഷ്‌ക്കരമാണെന്ന് നാട്ടുകാർ പറഞ്ഞു. വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെട്ട് റോഡ് നന്നാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം സ്മിതാലാൽ അറിയിച്ചു.