നെടുംകുന്നം : കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നാടിന് ഭീഷണിയായി മാറിയ പെരുന്തേനീച്ചക്കൂട് ഇളക്കിമാറ്റി. കറുകച്ചാൽ - മണിമല റോഡിൽ തൊട്ടിക്കൽ മാണികുളത്തിന് സമീപം റോഡരികിൽ നിന്ന 70 അടിയോളം ഉയരത്തിലുള്ള ആഞ്ഞിലി മരത്തിലാണ് പെരുന്തേനീച്ചക്കൂട് ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇരുപതോളം പേർക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തേനീച്ചകൾ ഇളകുന്നത് പതിവായതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ. കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി പ്രദേശവാസികൾ മണിമല റോഡ് ഉപരോധിച്ചിരുന്നു. കോതമംഗലത്തു നിന്ന് തേനീച്ചക്കൂട് ഇളക്കിമാറ്റുന്ന വിദഗ്ദ്ധരായ ആളുകളെ വരുത്തിയാണ് നാട്ടുകാർ കൂട് ഇളക്കിയത്. ശനിയാഴ്ച രാത്രി എട്ടു പേരടങ്ങുന്ന സംഘം മരത്തിൽ കയറി തേനീച്ചക്കൂട് ഇളക്കി ഈച്ചകളെ കൊണ്ടുപോകുകയും ചെയ്തു. തേൻ നാട്ടുകാർക്കു വിതരണം ചെയ്തു. 6500 രൂപ ഇതിനായി ചെലവായി.