പാലാ : 'ഈശ്വര ചിന്തയിതൊന്നേ മനുജന്, ശാശ്വതമീയുലകിൽ ' പണ്ട്, പരുപരുത്ത ശബ്ദത്തിൽ കമുകറ മനോഹരമാക്കിയ പാട്ട്, പാലാ കണ്ടത്തിൽ വീടിന്റെ പൂമുഖത്ത് ഒരിക്കൽക്കൂടി ഉയർന്നു. ഗായകർ ആയാംകുടി മണിയും തലവടി കൃഷ്ണൻകുട്ടിയും ഇബ്രാഹിം കൊച്ചിയും തുടങ്ങി പതിനഞ്ചോളം പ്രശസ്തർ. അരനൂറ്റാണ്ട് മുമ്പ് തൃപ്പൂണിത്തുറ രാധാലക്ഷ്മി വിലാസം (ആർ.എൽ.വി) സംഗീതഅക്കാഡമയിൽ നിന്ന് പാട്ട് പഠിച്ച് പുറത്തിറങ്ങിയ പ്രശസ്തരുടെ കൂട്ടായ്മ ഇന്നലെ പാലാ കണ്ടത്തിൽ കെ.വി.ദേവസ്യായുടെ (ഫോട്ടോ സാംസൺ) വസതിയിലാണ് നടന്നത്. കമുകറ പുരുഷോത്തമൻ പാടി മലയാളി നെഞ്ചിലേറ്റിയ 'ഈശ്വര ചിന്ത ഇതൊന്നേ' എന്ന ഗാനം പ്രാർത്ഥനാ മന്ത്രമാക്കി കണ്ടത്തിൽ വീട്ടിൽ ഈ സംഗീതക്കൂട്ടായ്മ തുടങ്ങാൻ ഒരു കാരണമുണ്ട്. അത് അറിയാൻ അൻപതു വർഷം പിന്നിലേക്ക് പോകണം.
ആർ.എൽ.വി ക്ലാസ് മുറികളിലും കോമ്പൗണ്ടിലും അന്ന് സിനിമാപാട്ടുകൾ പാടി നടക്കാൻ പാടില്ലെന്നൊരു അലിഖിത നിയമമുണ്ടായിരുന്നു. ശുദ്ധ ശാസ്ത്രീയ സംഗീതം മാത്രം പഠിക്കാനെത്തിയവർ സിനിമാ പാട്ടുകളുടെ മാത്രം പിന്നാലെ പോകേണ്ടെന്ന ന്യായം. അന്നൊരിക്കൽ അക്കാഡമി വളപ്പിൽ കൂട്ടുകാരോടൊപ്പമിരുന്ന ഒരു സായന്തനത്തിൽ ദേവസ്യാ പാടി. ഈശ്വര ചിന്തയിതൊന്നേ.... സായാഹ്ന സവാരിക്കിറങ്ങിയ പ്രിൻസിപ്പൽ നെല്ലായി കൃഷ്ണമൂർത്തി ഇതുകേട്ടു. പിന്നയല്ലേ പൂരം. ദേവസ്യയുടെ പഠനം കഴിഞ്ഞെന്ന് കൂട്ടുകാർ വിധിയെഴുതി. പ്രിൻസിപ്പലിന്റെ മുറിയിൽ ദേവസ്യാ തൊഴുതു നിന്നു. ഇവിടെ സിനിമാപ്പാട്ട് പാടിക്കൂടെന്ന് അറിയില്ല. നെല്ലായിയുടെ ഘനഗംഭീര ശബ്ദമുയർന്നു. ഒന്നുകൂടി പാടൂ. നാലുവട്ടം കൂടി പാട്ട് പാടിച്ച് പാടിയതിലെ പിഴവുകളുടെ നെല്ലും പതിരും നെല്ലായി പറഞ്ഞു കൊടുത്തു. 'ഇതാണ് മോനെ പറയുന്നത്, ശുദ്ധ ശാസ്ത്രീയ സംഗീതം അഭ്യസിച്ചതിനു ശേഷം മാത്രമേ, സിനിമ ഗാനങ്ങളിലേക്കൂ കടക്കാവൂ.' മേലിൽ ഇത് ആവർത്തിക്കരുത്. ഈ നിർദ്ദേശം ദേവസ്യയുടെ സംഗീത ജീവിതത്തിലുണ്ടാകുമായിരുന്ന അപശ്രുതി മാറ്റി.
ഈ ഓർമ്മകളുമായി സഹപാഠികൾ ഒരുമിച്ചത്. രണ്ട് മണിക്കൂറോളം തുടർന്ന സംഗീത സദ്യയിൽ സംഗീതജ്ഞരായ തകഴി കൃഷ്ണകുമാർ, കോട്ടയം സുബ്രഹ്മണ്യൻ, കുമാരനല്ലൂർ നമ്പൂതിരി , മുളവുകാട് വേണു, രമണി ഭായ് അമ്പലപ്പുഴ , വൽസ എറണാകുളം, മനു തലനാട് , അജയ കുമാർ, എന്നിവർ പങ്കെടുത്തു. ഗാന ഭൂഷണം പാസായ ദേവസ്യായാകട്ടെ സംഗീത ജീവിതം വിട്ട് ഫോട്ടോഗ്രഫി മേഖലയിലേക്ക് തിരിഞ്ഞിരുന്നു. സംഗീത വിരുന്നിന് ശേഷം വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.