ഈരാറ്റുപേട്ട : 2 ഏക്കർ 20 സെന്റ് സ്ഥലത്ത് 4 നിലകളിലായി കെട്ടിടം. അനുവദിച്ചത് 15 കോടി. വർഷം ആറ് കഴിഞ്ഞു. എന്നിട്ടും തീക്കോയി ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നത് വാടകകെട്ടിടത്തിൽ. അതും പ്രതിമാസ വാടക 38000 രൂപ.

1984ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം.ജേക്കബിന്റെ കാലത്താണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. താത്കാലികാടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു പ്രവർത്തനം. പലതവണ ഉടമ കെട്ടിടം ഒഴിഞ്ഞു തരണമെന്നാവശ്യപ്പെട്ടു. തുടർന്ന് തീക്കോയി പഞ്ചായത്ത് സ്കൂൾ കെട്ടിടത്തിനായി സ്ഥലം കണ്ടെത്താനായി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. 2010 ഓടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ആനിയിളപ്പിൽ 2 ഏക്കർ 20 സെന്റ് സ്ഥലം കണ്ടെത്തി. 2014 ലെ ബഡ്ജറ്റിൽ ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി സ്ഥലം ഉടമയ്ക്ക് നഷ്ടപരിഹാരമായി ഏഴ് കോടി 40 ലക്ഷം രൂപയും കെട്ടിടം പണിയാൻ 7.5 കോടി രൂപയും അനുവദിച്ചു. പ്രാരംഭ പണികൾ പോലും ഇതുവരെ തുടങ്ങിയല്ല.

മികവിൽ നൂറുമാർക്ക്

ഇലക്ട്രിക്കൽ വിഭാഗത്തിൽ വെൽഡിംഗ്, വയറിംഗ് കോഴ്‌സുകളിൽ വിദ്യാർത്ഥികളെ ഉപരിപഠനത്തിന് പ്രാപ്തരാക്കുന്നതിൽ അദ്ധ്യാപകരടക്കം അക്ഷീണപ്രയത്നമാണ് നടത്തുന്നത്. പുതിയ കെട്ടിടം യാഥാർത്ഥ്യമായാൽ കൂടുതൽ കോഴ്സുകൾ തുടങ്ങാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പി.ടി.എ.യും നാട്ടുകാരും. കെട്ടിടം പണിയുടെ ചുമതല പി.ഡബ്ല്യു.ഡി ബിൽഡിംഗ് വിഭാഗമാണ് ഏറ്റെടുത്ത് നടത്തേണ്ടത്. പണിയ്ക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് സാക്‌ഷൻ ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്‌കൂൾ അധി

കൃതർ.

സ്ഥലം കണ്ടെത്തിയത് : ആനിയിളപ്പിൽ

ബഡ്ജറ്റിൽ തുക അനുവദിച്ചത് : 2014

സ്കൂൾ പ്രവർത്തനം ആരംഭിച്ചത് : 1984