'പുരയ്ക്കു തീപിടിക്കുമ്പോൾ വാഴ വെട്ടുന്നതുപോലെ ' എന്ന പഴഞ്ചൊല്ല് അനുസ്മരിച്ചു ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണയുടെ പേരിലും പത്തു പുത്തനുണ്ടാക്കാൻ ശ്രമിച്ചവരെ സാമൂഹ്യ ദ്രോഹികളെന്നു മാത്രം വിളിച്ചാൽ മതിയോയെന്ന് ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ. കൊറോണ പകരാതിരിക്കാൻ ഉപയോഗിക്കുന്ന മുഖാവരണത്തിന് രണ്ട് രൂപയേ വിലയുള്ളൂ. ഇതിന് ആവശ്യക്കാരേറിയപ്പോൾ പല മെഡിക്കൽ സ്റ്റോറുകളും പത്തിരട്ടിയും അതിന് മുകളിലും വില വാങ്ങി. കൈകൾ വൃത്തിയാക്കാനുയോഗിക്കുന്ന സാനിറ്റൈസറിന് 20 രൂപയ്ക്ക് പകരം നൂറിന് മുകളിൽ വാങ്ങി. ഈ തീവെട്ടിക്കൊള്ളയെക്കുറിച്ച് വാർത്ത വന്നതോടെയാണ് ആരോഗ്യ വകുപ്പ് റെയ്ഡുമായിറങ്ങിയത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ മാത്രമല്ല സർക്കാർ ആശുപത്രിക്കുള്ളിൽ പ്രവർത്തിക്കുന്ന കടകൾ പോലും കൊറോണ കച്ചവടമാക്കി അന്യായ വില ഈടാക്കിയെന്നാണ് പരാതി. അത്യാവശ്യ വസ്തുവിന് ആവശ്യക്കാരേറുമ്പോൾ വില കൂടാതിരിക്കാൻ അവ വിപണിയിൽ ധാരാളം എത്തിക്കാനുള്ള ശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാവണം. കിട്ടാനില്ലാത്ത അവസ്ഥ വിപണിയിൽ വന്നാൽ കൃത്രിമ ക്ഷാമം ഉണ്ടാക്കി കച്ചവടക്കാർ വില കൂട്ടും .ഇത് മറികടക്കാൻ മുൻകൂട്ടി ശ്രമം വേണം. സന്നദ്ധ സംഘടനകളും മറ്റും പെട്ടെന്ന് രംഗത്തിറങ്ങിയതു കൊണ്ട് മുഖാവരണ, കൈകഴുകൽ ലോഷൻ കച്ചവടം കൊഴുപ്പിക്കാൻ കഴിഞ്ഞില്ല.

കൊറോണയ്ക്കൊപ്പം പക്ഷിപ്പനി കൂടി വന്നതോടെ കോഴി വില കിലോയ്ക്ക് 50 രൂപയിൽ താഴ്ന്നു. നൂറ് രൂപയ്ക്ക് രണ്ട് കിലോയിലധികം കോഴിയിറച്ചി കിട്ടുന്ന സ്ഥിതി വന്നിട്ടും നൂറ് ഗ്രാം പോലുമില്ലാത്ത ഒരു കഷണം കോഴിക്ക് പഴയ വിലയായ നൂറും നൂറ്റമ്പതുമാണ് മിക്ക ഹോട്ടലുകളും തട്ടുകടകളും ഈടാക്കിയത്. പലരും ഒത്തു കൂടുന്ന ഹോട്ടലിൽ കയറുന്നത് കൊറോണ വരുത്തുമോ എന്ന് ഭയന്ന് ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞിട്ടും ബിരിയാണിക്കോ, കോഴി ഉപയോഗിച്ചുള്ള വിഭവങ്ങൾക്കോ പത്തു പൈസ കുറയ്ക്കാൻ ഒരു ഹോട്ടലുടമയും തയ്യാറായില്ലെന്നാണ് നാട്ടുകാർക്കു പറയാനുള്ളത്.

സമൂഹ മാദ്ധ്യമങ്ങളിൽ ഭീതിപ്പെടുത്തുന്ന വാർത്തകൾ വന്നതോടെ കൊറോണ നിരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്താനും ആര് മരിച്ചാലും അത് കൊറോണ മരണമാക്കാനുള്ള ശ്രമവും വ്യാപകമായുണ്ടായി. ഇറ്റലിയിൽ നിന്ന് വന്ന ബന്ധുക്കളെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ ചെങ്ങളത്തുള്ളവരെ ഒറ്റപ്പെടുത്താൻ ശ്രമമായി. ആശുപത്രിയിലാക്കാൻ പോലും സഹായമുണ്ടായില്ല. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ മുൻകൈയെടുത്ത് ആംബുലൻസ് വിളിച്ചാണ് ഇവരെ മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിലാക്കിയത്. സദാചാര പൊലീസ് ചമഞ്ഞ ചില നാട്ടുകാരാകട്ടെ ഇതിന് ശ്രമിക്കാതെ സമീപത്തെ കള്ളുഷാപ്പും കടകളും കൊറോണ പരത്തുമെന്ന് പ്രചരിപ്പിച്ച് അടപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. കൊറോണ ബാധിതരെന്നു സംശയിച്ചവരുടെ അയൽവാസികളെ വരെ ബഹിഷ്ക്കരിക്കാനായി ശ്രമം. പ്രായമായ ഒരു അയൽവാസി സന്ധിവാതവും ഹൃദ്രോഗവം വന്നു മരിച്ചപ്പോൾ കൊറോണ മരണ പട്ടികയിൽ പെടുത്താനായിരുന്നു മത്സരം. തിരുവാതുക്കലിലെ ആശുപത്രിയിൽ ചെങ്ങളത്തുള്ളവർ പോയതിന്റെ പേരിൽ ഡോക്ടറും നഴ്സും മാത്രമല്ല മുന്നൂറിലേറെ ആളുകളും നാട്ടുകാരുടെ ബ്ലാക്ക് ലിസ്റ്റിലായി. ചെങ്ങളത്തുകാർ കറങ്ങിയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് കൂടി പ്രസിദ്ധീകരിച്ചതോടെ പലർക്കും പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയിലാണ് ചില സാമൂഹ്യവിരുദ്ധർ കാര്യങ്ങൾ എത്തിച്ചത്. നാട്ടുകാർക്ക് രോഗം വരാതിരിക്കാൻ വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കഞ്ഞി വച്ചു കഴിക്കാനുള്ള സാധനങ്ങൾ വരെ സന്നദ്ധ സംഘടനകൾ എത്തിക്കേണ്ടി വന്നു. പ്രളയകാലത്ത് ഒന്നിച്ചവർ കൊറോണ വന്നപ്പോൾ അകന്നു മാറുന്ന കാഴ്ചയാണ് ഇന്ത്യയിലെ പ്രഥമ സമ്പൂർണ സാക്ഷരതാ നഗരത്തിൽ കാണുവാൻ കഴിഞ്ഞത്. കഷ്ടമെന്നല്ലാതെ എന്തു പറയാൻ !....