കോട്ടയം: കൊറോണ ആശങ്കകൾക്കിടയിൽ ആർഭാടം ഒഴിവാക്കി വിവാഹങ്ങൾ. ആളും ആരവുമില്ലാതെ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്കുകൾ ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും ഹസ്തദാനങ്ങൾ ഒഴിവാക്കിയുമാണ് വധൂവരൻമാരും രക്ഷിതാക്കളും അടുത്ത ബന്ധുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
പിന്നാക്ക വികസന വകുപ്പ് ഡയറക്ടർ കോട്ടയം കുര്യനാട് വാളംമാനാൽ വി.ആർ. ജോഷിയുടെയും റിട്ട. അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസർ പി.ജെ പ്രീതാദേവിയുടെയും മകൻ ജിതേഷും പാലാ നീലൂർ ബെന്നിയുടെയും ഇന്ദിരാ ബെന്നിയുടെയും മകൾ അശ്വതിയുടെയും വിവാഹം ഇന്നലെ ലളിതമായി നടന്നതു. പാലാ ബിഷപ്പ് വയലിൻ ഹാളിൽ വിപുലമായി നടത്താനായിരുന്ന വിവാഹം കൊറോണ ക്ഷണിക്കാതെ എത്തിയതോടെ ശാസ്താപുരം - കുളത്തിക്കണ്ടം ശ്രീധർമ്മശാസ്താ ശിവ ദേവീ ക്ഷേത്രത്തിലെ ഹാളിൽ അമ്പതോളം ആളുകളെ സാക്ഷി നിർത്തി നടത്തുകയായിരുന്നു. സർക്കാർ നിർദേശം എത്തിയപ്പോൾ തന്നെ മുൻകരുതലുകൾ എടുത്തിരുന്നെന്ന് വരന്റെ പിതാവായ വി.ആർ ജോഷി പറഞ്ഞു. പത്രപരസ്യം, സോഷ്യൽമീഡിയ, ഫോൺ കോൾ എന്നിവയിലൂടെ ക്ഷണിച്ചിരുന്ന അതിഥികളെ വിവാഹ ചടങ്ങ് ലളിതമാക്കിയ വിവരം അറിയിച്ചു.
കാരയ്ക്കാട്ട് കുന്ന് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ കറുകച്ചാൽ കറ്റുവെട്ടി വീട്ടിൽ ശശിയുടെയും രമ ശശിയുടെയും മകൻ പ്രദീപും കാരയ്ക്കാട്ട്ക്കുന്ന് ഇളംകുറ്റിക്കാട് വീട്ടിൽ ജഗ സുധാകരൻ - രത്ന ദമ്പതികളുടെ മകൾ രേവതിയും വിവാഹിതരായി. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിനുണ്ടായിരുന്നത്. പുതുപ്പള്ളിപ്പടവ് പുരയിടത്തിൽ രാജൻ ശ്യാമളയുടെയും മകൾ രാധികയും പിരുമേട് പരുന്തുംപാറ തെക്കൂട്ട് വീട്ടിൽ പ്രദീപ് -ജയ ദമ്പതികളുടെ മകൻ വിഷ്ണുവും കല്ലാർ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ വിവാഹിതരായി. അടുത്ത ബന്ധുമിത്രാദികളായ 20 പേർ വധുവുമായി വരന്റെ സ്ഥലത്തെ ക്ഷേത്രത്തിലെത്തിയാണ് വിവാഹം നടത്തിയത്.