പാലാ : വെള്ളം തരണേ, വെള്ളം! പുലിമലക്കുന്നുകാർ കേഴുകയാണ് അധികൃതരോട്. പാലാ നഗരത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ പുലിമലക്കുന്ന് ആറാം വാർഡിൽ കുടിവെള്ള ക്ഷാമം അത്രമേൽ രൂക്ഷമാണ്. മുണ്ടാങ്കൽ, ഇളംതോട്ടം എന്നീ സ്ഥലങ്ങളിൽ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. കൂടുതലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് ഇവിടെ താമസിക്കുന്നത്. ഭീമമായ പണം കൊടുത്ത് വെള്ളം വാങ്ങാനുള്ള നിവൃത്തി ഇവർക്കില്ല. വാട്ടർഅതോറിട്ടിയുടെ പൈപ്പ്‌ലൈൻ പലഭാഗങ്ങളിലും എത്തിയിട്ടില്ല. എത്തിയിടത്താകട്ടെ നൂൽമഴ പോലെ വെള്ളം കിട്ടിയെങ്കിലായി.
നഗരസഭയുടെ പല വാർഡുകളിലും കുടിവെള്ള പദ്ധതികൾക്ക് വൻതുക ചെലവഴിക്കുമ്പോൾ പുലിമലക്കുന്നിനെ അവഗണിക്കുകയാണെന്നാണ് പരാതി. ഇത്തവണത്തെ നഗരസഭ ബഡ്ജറ്റിലെങ്കിലും കുടിവെള്ള പദ്ധതിക്ക് തുക അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ചെയർപേഴ്‌സണ് ഇന്നലെ നാട്ടുകാർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു. ജോസ് കെ.മാണി എം.പിയ്ക്കും നിവേദനം നൽകി. പുലിമലക്കുന്ന് പൗരസമിതി കൺവീനർ ബൈജു കൊല്ലംപറമ്പിൽ, സണ്ണി കണ്ടത്തിൽ, സെലിൻ എടേട്ട്, ചാക്കോ ഫ്രഞ്ചു, ജോസ് മാത്യു, ടി.കെരാജഗോപാൽ, ഷാജി കേശവൻ, ഫ്രാൻസീസ് ജോസഫ്, മനു കെ.ആർ, സെബാസ്റ്റ്യൻ മത്തായി, ജോബി ജോർജ്, മുരുകൻ, പ്രഭാകരൻ, സന്തോഷ് മരിയസദനം, സിബി പാറയിൽ, സാബു നെല്ലിക്കൻ തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.