muncipality

കോട്ടയം : നഗരസഭാ പരിധിയിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ശുചീകരണ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കൗൺസിൽതല അവലോകന യോഗത്തിൽ തീരുമാനം. നിലവിലുള്ള ക്രമീകരണങ്ങൾ തുടരുന്നതോടൊപ്പം ജാഗ്രത തുടരണമെന്ന് തോമസ് ചാഴികാടൻ എം.പിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും യോഗത്തിൽ ചൂണ്ടിക്കാട്ടി. നഗരസഭയുടെ എല്ലാ വാർഡുകളിലുമുള്ള വാർഡുതല ശുചീകരണ കമ്മിറ്റികൾ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും നോട്ടീസ് എത്തിക്കും. കൂടാതെ മാലിന്യസംസ്‌കരണം കൃത്യമായി നടത്താനും തീരുമാനിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് അവരുടെ ഭാഷയിലുള്ള നോട്ടീസുകളാണ് നൽകുകയെന്ന് നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോന അറിയിച്ചു. വാർഡുതല സാനിറ്റേഷൻ കമ്മിറ്റി മുഖേന പരിസരശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വിദേശത്ത് നിന്ന് എത്തുന്നവരും, രോഗബാധിതരുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്നവരും, രോഗലക്ഷണങ്ങളുള്ളവരും, ദിശ നമ്പറിൽ വിളിച്ചാൽ ഉടൻ സേവനം ലഭ്യമാക്കി ചികിത്സ ഉറപ്പാക്കും.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.