പാലാ : വീട്ടുമുറ്റത്തിനോടു ചേർന്ന പുരയിടത്തിൽ കിടന്ന പ്ലാസ്റ്റിക്ക് കയറിന്റെ കഷണം കൈയിലെടുത്ത് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, പാപ്പന് നേരെ ഒരു നോട്ടം നോക്കിയതേ, പാപ്പന്റെ തല കുനിഞ്ഞു. വീടിനു പിന്നിലേക്ക് വിളിച്ചു കൊണ്ടുപോയി ഇനി സത്യം പറഞ്ഞോളൂ എന്ന് ഡിവൈ.എസ്.പി കർശന സ്വരത്തിൽ പറഞ്ഞതോടെ പതിഞ്ഞ സ്വരത്തിൽ പാപ്പൻ പറഞ്ഞു. 'ശല്യം സഹിച്ച് സഹിച്ച് മടുത്തിട്ടു ചെയ്തുപോയി സാറെ. മേലുകാവ് ഇരുമാപ്ര പള്ളിക്ക് സമീപം കൊക്കയിൽ കാണപ്പെട്ട അജ്ഞാത മൃതദേഹം അച്ഛൻ കൊന്ന മകന്റേതാണെന്ന ചുരുളഴിയുകയായിരുന്നു അവിടെ.
മൂന്നിലവ് ടൗണിൽ ടാക്‌സി ജീപ്പ് ഡ്രൈവറായ പാപ്പൻ എന്ന ചാക്കോയുടെ ഇളയ മകൻ ജോൺസൺ ജോബിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം നൽകാൻ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് മേലുകാവിലെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ പ്ലാസ്റ്റിക്ക് കയർ മേലുകാവ് എസ്. ഐ ലെബി മോൻ ഡിവൈ.എസ്.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നീട് പാപ്പന്റെ മൂന്നിലവ് കൊന്നയ്ക്കലെ വീട്ടിലെത്തി പരിസരം പരിശോധിക്കവെയാണ് അതേ പ്ലാസ്റ്റിക്ക് കയറിന്റെ ബാക്കി ഭാഗം പുരയിടത്തിൽ കിടന്നത് ഡിവൈ.എസ്.പിയുടെ കണ്ണിൽപ്പെട്ടത്. അതിന് മുമ്പ് മേലുകാവ് പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും മകൻ ആത്മഹത്യ ചെയ്തതാവും എന്ന നിലപാടാണ് പാപ്പൻ ആവർത്തിച്ചത്. ചുറ്റികയ്ക്കുള്ള അടിയിൽ സംഭവസ്ഥലത്ത് തന്നെ ജോൺസൺ മരിച്ചിരുന്നു. തുടർന്ന് പാപ്പൻ പ്ലാസ്റ്റിക്ക് കയറിട്ട് കെട്ടി സ്വന്തം ജീപ്പിൽ കയറ്റിക്കൊണ്ടുപോയാണ് മൃതദേഹം കൊക്കയിൽ തള്ളിയത്. അജ്ഞാത മൃതദേഹമെന്ന നിലയിൽ അന്വേഷണം ആരംഭിച്ച പൊലീസ് 48 മണിക്കൂറിനുള്ളിൽ സംഭവം കൊലപാതകമാണെന്ന് തെളിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.