പൊൻകുന്നം : വാഹനപരിശോധന നടത്തുന്നതിനിടെ പൊലീസ് സംഘത്തിന് നേരെ മുളക് സ്‌പ്രേ പ്രയോഗിച്ച് സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മൂവർസംഘത്തിലെ ഒരാൾ പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ചിറക്കടവ് റോഡിൽ വാഹനപരിശോധന നടക്കുന്നതിനിടെയാണ് സംഭവം. ചെത്തിപ്പുഴ പുതുച്ചിറ ചൂരപ്പറമ്പിൽ സിനോ ദേവസ്യ(19) ആണ് പിടിയിലായത്. രക്ഷപ്പെട്ടവർക്കായി തെരച്ചിൽ ഊർജിതമാക്കി. മൂന്നുപേർ ഒരു സ്‌കൂട്ടറിൽ വരികയായിരുന്നു. പൊലീസിനെ കണ്ട് സ്‌കൂട്ടർ തിരിച്ച് ഓടിച്ചുപോകുന്നതിനിടെ തടയാൻ ശ്രമിച്ചു. ഈ സമയത്താണ് സ്‌പ്രേ അടിച്ചത്. എസ്.ഐ കെ.ബി.സാബു, സിവിൽ പൊലീസ് ഓഫീസർ നിസാർ, ഹോംഗാർഡ് അവിനാശ് എന്നിവരുടെ കണ്ണിലാണ് മുളകുവീണത്. സ്‌കൂട്ടറിന്റെ പിന്നിൽ കയറാൻ ശ്രമിച്ച സിനോയെ പിടികൂടി. സിനോക്കെതിരെ കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. നേരത്തെ ഇയാൾ ദുർഗുണപരിഹാര പാഠശാലയിലും കഴിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി.