കോട്ടയം : കൂലിത്തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചു. കടപ്ലാമറ്റം തുപ്പോലിയിൽ വീട്ടിൽ മനോജിന്റെ മകൻ അശ്വിൻ മനോജിനെ (വിമൽ - 19) ആണ് തുമ്പശേരിൽ വീട്ടിൽ വിഷ്ണു വിജയൻ (23) കൊലപ്പെടുത്താൻ ശ്രമിച്ചത്. വിഷ്ണുവിനെ അശ്വിൻ കഴിഞ്ഞ ദിവസം ടവറിന്റെ ജോലികൾക്കായി വിളിച്ചു കൊണ്ടു പോയിരുന്നു. മൂന്നു ദിവസത്തെ കൂലി വിഷ്‌ണുവിന് നൽകാനുണ്ടായിരുന്നു. ഇതേച്ചൊല്ലി വിഷ്‌ണുവും അശ്വിനും തമ്മിൽ വഴിയിൽ വച്ച് വാക്കു തർക്കമുണ്ടായി. പിന്നാലെ, അശ്വിൻ വിഷ്‌ണുവിനെ അസഭ്യം പറഞ്ഞു. ഇതിനു ശേഷം വീട്ടിലേയ്ക്കു പോയ അശ്വിനെ തേടി വിഷ്ണു സുഹൃത്തിനെയും കൂട്ടി പിന്നാലെ എത്തുകയായിരുന്നു. തുടർന്നു വീട്ടുമുറ്റത്തു വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് വിഷ്ണു അശ്വിന്റെ കഴുത്തിൽ വരയുകയായിരുന്നു. രക്തം വാർന്ന് വീട്ടുമുറ്റത്ത് അശ്വിൻ കുഴഞ്ഞു വീണതോടെ പ്രതികൾ ഓടിരക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വിനെ അടിയന്തര ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി. മരങ്ങാട്ടുപള്ളി പൊലീസ് കേസെടുത്തു.