malinyam

തലയോലപ്പറമ്പ്: രാത്രിയുടെ മറവിൽ തലയോലപ്പറമ്പിലും പരിസര പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുവാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി.തലയോലപ്പറമ്പ് പൊതി പാലത്തിന് സമീപം ഇന്നലെ പുലർച്ചെ ഒരു മണിയോടെ മാലിന്യം തള്ളുവാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞത്.വിവരം തലയോലപ്പറമ്പ് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുവാൻ വരുന്ന വഴിയിൽ കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തിൽ തള്ളാനെത്തിയ മറ്റൊരു വാഹനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോലപ്പറമ്പിന്റെ വിവിധ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്ന സംഘങ്ങൾ അടുത്ത കാലത്ത് വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.പ്രദേശങ്ങളിലെ വൻകിട ഹോട്ടലുകളിലെ കക്കൂസ് മാലിന്യ മടങ്ങിയ വാഹനമാണ് നാട്ടുകാർ ചേർന്ന് പിടികൂടിയത്. ഇരു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് മുൻപും തലയോലപ്പറമ്പിലും,മറവൻതുരുത്തിലും മറ്റുമായി ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുവാനെത്തിയ വാഹനങ്ങൾ പിടികൂടിയിരുന്നു.

കോവിഡ് 19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് നാട്ടുകാർ ഒരു മനസോടെയുള്ള പ്രവർത്തനം നടത്തി വരുന്നതിനിടെയാണ് ഇത് തകർക്കുന്ന രീതിയിൽ നാട്ടിലെ ജനങ്ങളെയാകെ സാംക്രമിക രോഗങ്ങളിലേക്ക് തള്ളിവിടുന്ന ഇത്തരക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയുന്നതിനും ഇത്തരക്കാരെ കണ്ടെത്തുവാനും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും രാത്രി കാലങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.