ചങ്ങനാശേരി: വേനൽക്കാലത്തും മഴക്കാലത്തും ദുരിതം.... തൂപ്രം പാടശേഖരത്തിന്റെ നടുവിലായി താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ ദുരിതം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വഴിതന്നെയാണ് ഇവരുടെയും പ്രശ്നം. വെള്ളേക്കളം പ്ലാംപറമ്പ് റോഡിനെയാണ് പ്രദേശവാസികൾ എന്തിനും ഏതിനും ആശ്രയിക്കുന്നത്. ഒരു നടവഴി പോലെ പാടശേഖര നടുവിൽക്കൂടിയാണ് ഈ റോഡ്. കുറച്ചു പാടശേഖര ഉടമകൾ അവരുടെ നിലത്തിന്റെ കുറച്ച് ഭാഗങ്ങൾ വിട്ടുകൊടുത്താണ് റോഡ് നിർമ്മിച്ചത്.റോഡിന് വീതി കുറവായതിനാൽ ഒരു ഓട്ടോറിക്ഷപോലും എത്തില്ല. കഴിഞ്ഞ പ്രളയത്തിൽ റോഡിന്റെ അരികുകൾ ഇടിഞ്ഞതിനാൽ കാൽനടയാത്രപോലും ഇപ്പോൾ പ്രയാസമായിരിക്കുകയാണ്. റോഡിനെ ബന്ധപ്പെടുത്തി 1967ൽ പാലവും നിർമ്മിച്ചിരുന്നു. സ്റ്റെപ്പുകൾ അശാസ്ത്രീയമായി ഉയർത്തിക്കെട്ടി നിർമ്മിച്ച പാലമായതിനാൽ ഇരുചക്രവാഹനങ്ങൾ കടന്നുപോകില്ല. പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കുന്ന ആവശ്യത്തിനായി ചിലർ പാലത്തിന്റെ പടികൾ തകർക്കുകയും ചെയ്തു.
പണമുണ്ട്, പക്ഷേ?
700 മീറ്റർ ദൈർഘ്യമുണ്ട് വെള്ളേക്കളം- പ്ലാംപറമ്പ് റോഡിന്. കഴിഞ്ഞ സാമ്പത്തിക വർഷം മാടപ്പളി ബ്ലോക്ക് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണത്തിന് 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആ തുക പാഴാകും എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
മഴയിൽ നീന്തണം
മഴക്കാലത്ത് വിദ്യാർത്ഥികൾ കഴുത്തറ്റം വെള്ളത്തിൽ റോഡിലൂടെ നീന്തിയാണ് സ്‌കൂളുകളിൽ പോകുന്നത്. പാടശേഖരം വറ്റിച്ച് കൃഷി ഇറക്കിക്കഴിഞ്ഞാൽ പിന്നെ കുടിവെള്ളം കിട്ടാക്കനിയാണ്.