വൈക്കം : കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ ഉത്തരവുകളുടെയും യൂണിവേഴ്സിറ്റി നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ കർശനമായ നിയന്ത്റണങ്ങളോടെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പരീക്ഷകൾക്ക് തുടക്കമായി. പരീക്ഷാ കേന്ദ്രങ്ങളിൽ ശുചിത്വ പൂർണ്ണമായ പ്രവർത്തനങ്ങളും ഐസൊലേഷൻ ക്ലാസ്സ് മുറികളും സജ്ജീകരിച്ചിട്ടുമുണ്ട്. വൈക്കം ശ്രീമഹാദേവ കോളേജിലെ പരീക്ഷാ കേന്ദ്രത്തിൽ 'ബ്രേക്ക് ദ ചെയിന്റെ ' ഭാഗമായുള്ള ഹാന്റ് വാഷ് പദ്ധതി നടത്തി . ഡോ: അതുൽ നായർ പരിപാടിക്ക് നേതൃത്വം നൽകി. ക്ലാസ്സ് മുറികൾ ശുചിയാക്കുകയും പ്രത്യേക ലോഷനുകൾ ഉപയോഗിച്ച് ശുദ്ധീകരിക്കുകയും ചെയ്തു. ജലദോഷം , ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾക്കായി ഐസൊലേഷൻ ക്ലാസ്സ് മുറികൾ തയ്യാറാക്കിയിട്ടുള്ളതായി പ്രിൻസിപ്പൽ പ്രൊഫ. സെറ്റിന പി പൊന്നപ്പൻ അറിയിച്ചു. പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്കാവശ്യമായ സഹായത്തിനായി എൻ എസ് എസ് വോളണ്ടിയേഴ്‌സും സേവന സന്നദ്ധരായി രംഗത്തുണ്ട്. ആവശ്യമായ വിദ്യാർത്ഥികൾക്ക് മാസ്‌ക്ക്, സാനിറ്റെസർ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ശുദ്ധജല ലഭ്യത, കുട്ടികൾക്കുള്ള വിശ്രമ കേന്ദ്രം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഫലപ്രദമായ പരീക്ഷാ നടത്തിപ്പിനായി കോളേജിൽ പ്രത്യേക സമിതിക്കും രൂപം നൽകി. ഒരോ ദിവസവും പ്രത്യേക പരിഗണന വേണ്ട വിദ്യാർത്ഥികൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കോളേജിൽ നടന്ന ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ ഉദ്ഘാടനം ഡയറക്ടർ പി ജി എം നായർ കാരിക്കോട് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ നിതിയ പി. കെ , എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ എം എ അനൂപ്, ബേബി കെ. കെ. , സ്റ്റാഫ് സെക്രട്ടറി ആര്യ എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.