കോട്ടയം: ഓ.എൽ.എക്‌സിന്റെ മറവിൽ ജില്ലയിൽ തട്ടിപ്പുകൾ സജീവമാകുന്നു. രണ്ടര മാസത്തിനിടെ അഞ്ചിലേറെ തട്ടിപ്പുകളാണ് നടന്നത്. ഓ.എൽ.എക‌്‌സിൽ നിന്നും വാടകയ്‌ക്ക് എടുത്ത 11 കാറുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിലെ തീവ്രവാദ സംഘങ്ങളുടെ കൈകളിൽ വരെ എത്തിയത്. ഇത് കൂടാതെയാണ് ഇത്തരത്തിൽ വാടകയ്‌ക്ക് എടുക്കുന്ന കാറുകൾ കഞ്ചാവ് കടത്തിനും കള്ളക്കടത്തിനും അടക്കം ഉപയോഗിക്കുന്നത്.

തീവ്രവാദികൾക്കും കാർ

ഒ.എൽ.എക്‌സ് വഴി വിൽപ്പനയ്‌ക്കിട്ട ഐ ഫോണിന്റെ മറവിൽ തട്ടിപ്പ് നടത്തിയതിന് പൊന്നാനി മാറൻചേറി പന്തായിൽ വീട്ടിൽ മനൂപിനെ (28) അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഐ ഫോൺ വിൽപ്പനയ്‌ക്കുണ്ടെന്നു കാട്ടി ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു .

തമിഴ്‌നാട്ടിലെ അൽ ഉമ്മ തീവ്രവാദികൾക്കു കാർ വാടകയ്‌ക്ക് എടുത്തു നൽകിയ സംഭവത്തിൽ നേതാവ് തൊപ്പി റഫീഖും മകനും അടക്കം നാലു പേരെയും പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ ആ‌ർപ്പൂക്കര കുട്ടോമ്പുറത്തും കുടമാളൂരിലും ഒ.എൽ.എക്‌സിൽ നിന്നും വാടകയ്‌ക്ക് എടുത്ത രണ്ടു കാറുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടോമ്പുറത്തു നിന്നും കണ്ടെത്തിയ കാറിൽ കഞ്ചാവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി പിടിയിലായ യുവാവ് ഒ.എൽ.എക്‌സിൽ നിന്നും വാടകയ്‌ക്ക് എടുത്ത കാറിലാണ് ഇതു കടത്തിയതെന്നും കണ്ടെത്തി.

കഞ്ചാവു കടത്താനും

കഞ്ചാവും മറ്റു ലഹരി മരുന്നുകളും കടത്താനാണ് ഇപ്പോൾ യുവാക്കളുടെ സംഘങ്ങൾ ഒ.എൽ.എക്‌സിൽ നിന്നും വാടകയ്‌ക്ക് എടുക്കുന്ന കാറുകൾ ഉപയോഗിക്കുന്നത്. വ്യാജ തിരിച്ചറിയൽ രേഖ നൽകിയാണ് പലരും കാറുകൾ എടുക്കുന്നത്. ഒരു മാസത്തേയ്‌ക്ക് വാടകയ്‌ക്ക് എടുക്കും. പൊലീസിന്റെയും എക്‌സൈസിന്റെയോ വാഹന പരിശോധനയിൽ കുടുങ്ങിയാൽ കാർ ഉപേക്ഷിച്ച് രക്ഷപ്പെടും. പ്രതികളെ തേടി പൊലീസ് എത്തുമ്പോൾ ബാക്കിയാകുക ഒരു ഫോൺ നമ്പരും വ്യാജ തിരിച്ചറിയൽ രേഖയും മാത്രമാവും.