കോട്ടയം: ക്ഷണിക്കാതെ കൊറോണ വന്നു കയറിയതോടെ ഹോട്ടൽ മേഖല തകർന്നു തരിപ്പണമായി. പ്രതിദിനം മൂവായിരം രൂപയുടെ പോലും കച്ചവടമില്ലാതെ ഹോട്ടലുകൾ അതീവ പ്രതിസന്ധിയിലാണ്. തൊഴിലാളികളുടെ ജീവിതത്തെ ഓർത്തു മാത്രമാണ് പല ഹോട്ടലുകളും തുറന്നു വച്ചിരിക്കുന്നത്. കൊറോണപ്പേടിയിൽ വഴിയിലേയ്‌ക്ക് ഇറങ്ങാൻ ആളുകൾ മടിക്കുന്നതാണ് ഹോട്ടൽ മേഖലയെ ഇരുട്ടിലാക്കിയത്. ചിക്കന്റെ വില അൻപതിൽ താഴെയെത്തിയെങ്കിലും ചിക്കനും ബീഫും അടക്കമുള്ള സ്‌പെഷ്യൽ വിഭവങ്ങളിൽ തൊടാൻ പോലും ആളില്ല. നഗരത്തിലെ പല ഹോട്ടലുകൾക്കും ഇന്നലെ താഴിട്ടു.
ശരാശരി നിലവാരത്തിൽ പ്രവർത്തിക്കുന്ന നഗരത്തിലെ ഒരു ഹോട്ടലിന് പ്രതിദിനം 15,000 രൂപ മുതൽ 25,000 രൂപ വരെയാണ് പ്രവർത്തന ചെലവായി കണ്ടെത്തേണ്ടത്. എന്നാൽ, കഴിഞ്ഞ ബുധനാഴ്‌ചയ്‌ക്കു ശേഷം 3000 രൂപ പോലും വിൽക്കാൻ പല ഹോട്ടലുകൾക്കും സാധിച്ചിട്ടില്ല. പൊറോട്ടയടിക്കുന്ന തൊഴിലാളിയ്‌ക്ക് 1000 മുതൽ 1500 രൂപ വരെ കൂലി നൽകണം. പത്ത് തൊഴിലാളികളുണ്ടെങ്കിൽ ശരാശരി ആറായിരം രൂപ വരെ ശമ്പളം ഇനത്തിൽ മാത്രം കണ്ടെത്തണം. കൂടാതെ തൊഴിലാളികളുടെ ഭക്ഷണവും പാചകവാതകവും വൈദ്യുതിയും വെള്ളവും കൂടി ചേരുമ്പോൾ നല്ല ചെലവുവരും. പക്ഷേ, വരവ് മാത്രമില്ല.
ഇങ്ങനെ എങ്ങിനെ തുടരും?
250 വരെ ഊണ് വിറ്റിരുന്ന ഹോട്ടലിൽ ഇപ്പോൾ 15 വരെ മാത്രം
ബീഫും ചിക്കനും ഫ്രൈയും വെറുതെ കൊടുത്താലും വേണ്ട
150 വരെ ബിരിയാണി വിറ്റിരുന്നിടത്ത് ഇപ്പോൾ വിൽക്കുന്നത് 15
സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിൽ രാവിലെ വിറ്റത് ഒരു കട്ടൻചായ