പാലാ: രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് അജ്ഞാത മൃതദ്ദേഹം തിരിച്ചറിഞ്ഞ് കേസിന്റെ ചുരുളഴിക്കൽ, ഒറ്റയടിക്ക് 13 മോഷണ കേസിലെ പ്രതികളെ പിടികൂടൽ...പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ അന്വേഷണ മികവിലേക്ക് നേട്ടങ്ങളുടെ പൊൻതൂവൽ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുകയാണ്.

കോട്ടയത്ത് ലോഡ്ജിൽ താമസിച്ചിരുന്ന അമ്മ മരിച്ചപ്പോൾ മകൻ മൃതദ്ദേഹം കാറിൽ കൊണ്ട് വന്ന് പാലാ കാർമൽ ജംഗ്ഷനിൽ കലുങ്കിന് സമീപത്തെ കുറ്റിക്കാട്ടിൽ എറിഞ്ഞ സംഭവമായിരുന്നു ആദ്യത്തേത്. അജ്ഞാത മൃതദ്ദേഹമെന്ന മട്ടിൽ അന്വേഷണം ആരംഭിച്ച പാലാ പൊലീസ് ആദ്യ രണ്ടു ദിവസങ്ങളിൽ ഇരുട്ടിൽ തപ്പി. ഒരു സൂചനയും കിട്ടാതെ വന്ന പശ്ചാത്തലത്തിൽ പ്രത്യേകമായി ചില പൊലീസുകാരെ തിരഞ്ഞെടുത്ത് ഡിവൈ.എസ്.പി. ഷാജിമോൻ ഇവരുടെ യോഗം വിളിച്ചു.

അജ്ഞാത മൃതദ്ദേഹം സംബന്ധിച്ച് വിവരം കൈമാറാൻ ആഗ്രഹിക്കുന്നവർ തന്നെ നേരിട്ട് വിളിച്ച് വിവരം അറിയിക്കണമെന്നും, അവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പിറ്റേന്ന് മാദ്ധ്യമങ്ങളിലൂടെ അറിയിക്കുകയും സ്വന്തം ഫോൺ നമ്പർ നൽകുകയും ചെയ്തു.

ഇത് പ്രയോജനം ചെയ്തു. പത്രങ്ങളിൽ അറിയിപ്പ് പ്രസിദ്ധീകരിച്ച അന്നുച്ചയോടെ ഡിവൈ.എസ്.പിയ്ക്ക് ലഭിച്ച ഒന്നു രണ്ടു ഫോൺ കോളുകൾ നിർണായകമായി. രണ്ട് ദിവസത്തിനുള്ളിൽ മരിച്ചത് മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി അമ്മുക്കുട്ടി ബേബിയാണെന്ന് തിരിച്ചറിഞ്ഞു. മൃതദ്ദേഹം കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ മകൻ അലക്‌സ് ബേബിയെ തന്ത്രപൂർവം പൊലീസ് പിടികൂടി.

മാസങ്ങൾക്ക് മുമ്പ് തോടനാൽ, പൂവരണി മേഖലകളിൽ തുടർ മോഷണങ്ങൾ നടന്നിരുന്നു. ആദ്യഘട്ടത്തിൽ പൊലീസിന് ഒരു തുമ്പും കിട്ടിയില്ല. ഇതോടെ അന്നും ഡിവൈ.എസ്.പി ഷാജിമോൻ നേരിട്ട് കേസിലിടപെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ഈരാറ്റുപേട്ട സ്വദേശികളായ പ്രതികളെ പിടികൂടി. ഒറ്റയടിക്ക് തെളിഞ്ഞത് 13 കേസുകൾ.

ഒടുവിലായി ഞായറാഴ്ച മേലുകാവിൽ മകനെ കൊന്ന കേസിൽ അച്ഛനേയും തന്ത്രപരമായ നീക്കത്തിലൂടെ ഡിവൈ.എസ്.പിയും സംഘവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കടുത്തുരുത്തിക്കടുത്ത് കല്ലറ സ്വദേശിയാണ് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്.

 വ്യാജ രേഖകൾ ഉപയോഗിച്ച് കോടികൾ തട്ടിയെടുത്ത കേസിലും അന്വേഷണം പുരോഗമിക്കുന്നു


ഭരണങ്ങാനം എസ്.ബി.ഐ ശാഖയിൽ നിന്ന് വ്യാജ രേഖകൾ ഉപയോഗിച്ച് കോടികൾ വായ്പയായി തട്ടിയെടുത്ത സംഭവത്തിന്റെ അന്വേഷണമാണിപ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. മൂന്നു പേർ കസ്റ്റഡിയിലുണ്ട്. കേസിലെ മറ്റു ചില പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ അപേക്ഷ നല്കിയശേഷം മുങ്ങിയിരിക്കുകയാണ്. മുഴുവൻ പ്രതികളെയും ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഷാജിമോനും അന്വേഷണ സംഘവും.