പാലാ: നഗരസഭയിലെ പുലിമലക്കുന്നുകാരെ നിങ്ങൾ നിരാശപ്പെടേണ്ട; കുടിവെള്ള പദ്ധതിക്കായി നിങ്ങൾ 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിൽ ഇതാ പിടിച്ചോ 40 ലക്ഷം രൂപാ!; ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ കുടിവെള്ളം കിട്ടാതെ വലയുന്ന നിങ്ങളുടെ അവസ്ഥ കൗൺസിലർ പി.കെ. മധു വികാരപരമായ വാക്കുകളോടെ വിവരിച്ചു. എല്ലാം കേട്ടപ്പോൾ ഭരണ പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം പറഞ്ഞു ; 30 ലക്ഷം പോരാ മധുവിന്റെ വാർഡിലെ കുടിവെള്ള പദ്ധതിക്ക് 40 ലക്ഷം രൂപയെങ്കിലും നീക്കി വയ്ക്കണം. ചെയർപേഴ്‌സൺ മേരി ഡൊമിനിക്കിനും ഇത് നൂറുവട്ടം സമ്മതം. പുലിമലക്കുന്നുകാരുടെ കുടിവെള്ള പ്രശ്‌നം ഇന്നലെ 'കേരളകൗമുദി" റിപ്പോർട്ടു ചെയ്തിരുന്നു. ' പുലിമലക്കുന്നിനു മാത്രമല്ല, നഗരത്തിലെ മുഴുവൻ കുടിവെള്ള പദ്ധതികൾക്കും ഇതോടൊപ്പം തുക അനുവദിക്കണമെന്ന്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ഭരണപക്ഷാംഗങ്ങളായ ടോണി തോട്ടം, ബിജു പാലൂപ്പടവിൽ, പ്രതിപക്ഷത്തെ റോയി ഫ്രാൻസീസ്, അഡ്വ. ബിനു പുളിക്കക്കണ്ടം, സുഷമ രഘു എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യവും അംഗീകരിക്കുന്നതായി ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് പറഞ്ഞു.