കറുകച്ചാൽ: കൊറോണാ ഭീതിമൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ആളും തിരക്കും ഒഴിഞ്ഞ് ബസ് സ്റ്റാൻഡുകൾ. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണത്തിൽ വളരെ കുറവുണ്ടായി. കറുകച്ചാൽ സ്റ്റാൻഡിൽ ഇന്നലെ നിരവധി ബസുകൾ സർവീസ് നടത്തിയില്ല. ഏഴ് കെ.എസ്.ആർ.ടി.സി. ബസുകളും സർവീസുകൾ മുടക്കി. ചെയിൻ സർവീസുകൾ വെട്ടി ചുരുക്കിയത് സ്റ്റാൻഡിലെത്തിയവരെ ദുരിതത്തിലാക്കി. റാന്നി, എരുമേലി ഭാഗങ്ങളിലേക്കുള്ള ബസ് സർവീസുകളാണ് കൂടുതൽ മുടങ്ങിയത്. റാന്നി ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ മണിമല, പത്തനാട്, നെടുംകുന്നം തുടങ്ങിയ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനെത്തിയവരും ഏറെ ബുദ്ധിമുട്ടി. കട്ടപ്പന, കുമളി, മുണ്ടക്കയം, പൊൻകുന്നം തുടങ്ങി ഹൈറേഞ്ച് ഭാഗത്തേക്കുള്ള ബസുകളും സർവീസ് മുടക്കിയിരുന്നു. കൂടുതൽ ബസുകളുള്ള കോട്ടയം-കോഴഞ്ചേരി റോഡിലും ചുരുക്കം ചില സർവീസുകൾ മാത്രമാണ് നടത്തിയത്. വർഷങ്ങളായി മുടക്കമില്ലാതെ സർവീസ് നടത്തിയിരുന്ന മിക്ക ബസുകളും നിരത്തിലിറങ്ങിയില്ല.
വരും ദിവസങ്ങളിലും സർവീസ് മുടങ്ങും
വരുമാനം കുറഞ്ഞെങ്കിലും സർവീസ് നടത്താനായിരുന്നു ബസ് ഉടമകളുടെ തീരുമാനം. യാത്രക്കാരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞതോടെ ഡീസലിന് പോലും പണം തികയില്ലെന്നാണ് ഇവർ പറയുന്നത്. രണ്ട് ജിവനക്കാർക്ക് ശരാശരി 1600 രൂപയോളം നൽകണം. കൂടാതെ അറ്റകുറ്റപ്പണിക്കും മറ്റ് ചിലവുകൾക്കുമായി പണം കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. രാത്രികാല സർവീസുകളിൽ ഭൂരിഭാഗവും മുടങ്ങി. സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിലും സർവീസ് മുടക്കേണ്ടി വരുമെന്നാണ് ബസ് ഉടമകൾ പറയുന്നത്.