കോട്ടയം: കുട്ടനാട് സീറ്റിൽ ഒരു വിട്ടുവീഴ്ചയ്ക്കും കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗം തയ്യാറല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു. കുട്ടനാട് സീറ്റിൽ കോണ്‍ഗ്രസ് പാർട്ടി മത്സരിക്കണം എന്നാവശ്യപ്പെട്ടുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സീറ്റ് സംബന്ധിച്ചുള്ള എല്ലാ ചർച്ചകളിലും കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന നിലപാട് യു.ഡി.എഫ് നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. 2011ലെ തെരഞ്ഞടുപ്പിൽ പുനലൂർ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്ത്, പകരം കുട്ടനാട് സീറ്റ് ഏറ്റെടുക്കുകയായിരുന്നു.അതുകൊണ്ട് കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് അകവാശപ്പെട്ടതാണ്. യു.ഡി.എഫ് നേതൃതലചർച്ചകളിൽ ഇക്കാര്യത്തിലുള്ള ഉറച്ച നിലപാട് ജോസ് കെ.മാണി എം.പി യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പ്രമോദ് നാരായൺ പ്രസ്താവനയിൽ പറഞ്ഞു.