ഈരാറുപേട്ട: തലനാട്-ഓന്തുപാറ-അഞ്ച് പ്ലാവ് കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണികൾ തീർത്ത് കുടിവെള്ള പദ്ധതി പുനക്രമീകരിക്കുന്നതിനായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപാ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്തംഗം രോഹിണി ഭായി ഉണ്ണികൃഷ്ണൻ അറിയിച്ചു. ആറു വർഷമായി നിലച്ച പദ്ധതിക്കാണ് ഇതോടെ പുനർജീവൻ വയ്ക്കുന്നത്. തലനാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തെക്കുറിച്ചും നോക്കുകുത്തിയായ ഓന്തുപാറ പദ്ധതിയെക്കുറിച്ചും ഈ മാസം ഒമ്പതിന് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് നടപടി. തലനാട്-ഓന്തുപാറ-ജൂബിലി ഭാഗം എന്നീ പ്രദേശത്തെ 150ൽപ്പരം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിനായി അന്നത്തെ തലനാട് ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്തംഗം എൻ.ഡി.കുര്യൻ മുൻകൈ എടുത്ത് 16 ലക്ഷം രൂപ മുടക്കി 2014ൽ നടപ്പാക്കിയ ഈ പദ്ധതി ആഴ്ചകൾക്കകം നിലച്ചിരുന്നു. നിലവാരം കുറഞ്ഞ പൈപ്പുകളായതിനാൽ പദ്ധതി നടപ്പാക്കിയതോടെ പല ഭാഗങ്ങളിലും തകർന്നതാണ് പദ്ധതി അവതാളത്തിലാകാൻ കാരണമായത്. നിലവിലുള്ള നിലവാരം കുറഞ്ഞ പി.വി.സി. പൈപ്പുകൾ മാറ്റി ജി.ഐ.പൈപ്പുകൾ സ്ഥാപിക്കാനും മോട്ടോർ മാറുന്നതിനുമാണ് തുക അനുവദിച്ചതെന്ന് രോഹിണി ഭായി ഉണ്ണികൃഷ്ണൻ പറഞ്ഞു.