കോട്ടയം: ജനകീയ കൂട്ടായ്മ മുന്നോട്ട് വച്ച എഫ്-ബ്ലോക്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങൾക്ക് ചുറ്റും പുറം ബണ്ട് നിർമ്മാണം, പഴുക്കാനിലക്കായൽ നവീകരണം എന്നിവ നവകേരള നിർമ്മിതിയുടെ ഭാഗമായി കിഫ്ബിയിൽ ഉൾപ്പെടുത്തി ചെയ്യുന്നതിനായുള്ള സർവേ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്നു.

എഫ്-ബ്ലോക്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരം, മാളേക്കാട് ഷട്ടർമട, വട്ടപ്പള്ളി ഷട്ടർമട, വണ്ടോപ്പൻ മോട്ടോർതറ, അടിവാക്കൽ മോട്ടോർതറ, മോഡേൺ മോട്ടോർതറ, പഞ്ഞിമരം, മൂലമട, എം.ആർ തറ, ഉപ്പൂടുംതറ, മുട്ടുംപുറംതറ, മാളിയേക്കൽ തറ, ചേരിയ്ക്കൻതറ, മുന്നൂറിൽ ഷട്ടർമട, കുരുത്തോലക്കാട്, ഇറമ്പം പാലം, അറുപതിൽ മോട്ടോർതറ, ഏഴ്കണ്ടം മോട്ടോർതറ എന്നിവിടങ്ങളിലായിരുന്നു സർവേ.

പഴുക്കാനില കായലിലെ ചെളിയെടുത്ത് എഫ്-ബ്ലോക്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങൾക്ക് ചുറ്റും ബണ്ട് കെട്ടുന്നതിലൂടെ പാടശേഖരങ്ങൾക്കും ചുറ്റും റോഡ് ഉണ്ടാവുകയും ഒപ്പം കായലിൽ ചെളിയടിഞ്ഞുണ്ടായ തുരുത്തുകളും ഒഴിവാകും. പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച് ഗ്രാമീണ ടൂറിസവും ജലഗതാഗതവും വിപുലപ്പെടുത്തുകയാണ് പദ്ധതിയുടെ അടുത്തഘട്ടം. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ കൃഷി-ഇറിഗേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ കിഫ്ബിയിലൂടെയാണ് പദ്ധതി പൂർത്തികരിക്കുന്നത്. ഹരിത കേരളം മിഷൻ ഉപാദ്ധ്യക്ഷ ഡോ.ടി.എൻ സീമ പഴുക്കാനില കായൽ സന്ദർശിച്ചിരുന്നു. രണ്ടാം ഘട്ട കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തികരിക്കുമെന്ന് മന്ത്രി ഡോ.ടി.എം തോമസ് ഐസക് പ്രസ്താവിച്ചിരുന്നു. സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവത്കരണ പരിപാടിയായ 'കേരള നിർമ്മിതി"യിൽ മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി വേമ്പനാട്ട് കായൽ നവീകരിക്കുന്നതിനായുള്ള ആശയം പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ അവതരിപ്പിച്ചിരുന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു, കൺസൾട്ടന്റ് പ്രോജക്ട് എൻജിനീയർമാരായ ഷഹാസ് എ. ഷുക്കൂർ, രമ്യാ പി.ആർ. എന്നിവർ സർവേ പൂർത്തികരിച്ചു. പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ, കൃഷി അസി. എൻജിനീയർ മുഹമ്മദ് ഷെരീഫ്, കൗൺസിലർ ഷേർളി പ്രസാദ്, സുഭാഷ് കുമാർ മാലിയിൽ തുടങ്ങിയവർ പങ്കെടുത്തു.