പാലാ: വ്യാജരേഖ നൽകി എസ്.ബി.ഐ ഭരണങ്ങാനം ശാഖയിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ 3 പേർ കസ്റ്റഡിയിൽ. മറ്റു ചില പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ അപേക്ഷ നല്കിയശേഷം മുങ്ങി. ബാങ്കിൽ പുതുതായി എത്തിയ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാപകമായ തട്ടിപ്പ് കണ്ടെത്തിയത്.
പാലാ സ്വദേശികളായ സിബി, ജയ്‌സൺ. കൊല്ലപ്പിള്ളി സ്വദേശിനി മണിക്കുട്ടി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി പൊലീസ് പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവ് ഉൾപ്പെടെ അൻപതോളം പേർ നിരീക്ഷണത്തിലാണ്.
2015 ൽ യഥാർത്ഥ രേഖകൾ നല്കി ഭവന വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ച് വിശ്വാസ്യം നേടിയ ശേഷമാണ് ഒരു കുടുംബം വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ഇവർ മാത്രം ഒന്നേകാൽ കോടി രൂപാ തട്ടിയെടുത്തതായി സംശയിക്കുന്നു. സിബി 30 ലക്ഷം രൂപയും ജയ്‌സൺ 1 ലക്ഷം രൂപയും വ്യാജ രേഖ നൽകി വായ്പ എടുത്തതായി സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
സമീപത്തെ വില്ലേജുകളിലെ വ്യാജ രേഖകളാണ് ലോണിനായി ബാങ്കിൽ നൽകിയത്.
എന്നാൽ, സമാനരീതിയിൽ വേറെയും തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ നല്കിയ പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസം മത്സ്യ വില്പനക്കാരിയെ തട്ടിപ്പ് നടത്തിയതിന് പിടികൂടിയിരുന്നു. ഇതേക്കുറിച്ച് ബാങ്ക് അധികൃതർ അന്വേഷിക്കുന്നതിനിടയിലാണ് കോടികളുടെ തട്ടിപ്പ് വിവരം പുറത്തായത്. 1.26 കോടി രൂപ തട്ടിയെടുത്തവരും ഉണ്ട്.