കോട്ടയം: കോളേജുകളും അദ്ധ്യാപകരും വിദ്യാർത്ഥികളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ഒരുമനസോടെ ഏറ്റെടുത്ത് കൊറോണ പ്രതിരോധകാലത്തെ സർവകലാശാല പരീക്ഷകൾക്ക് തുടക്കം. മഹാത്മാ ഗാന്ധി സർവകലാശാലയുടെ ആറാം സെമസ്റ്റർ ബിരുദപരീക്ഷകളാണ് ഇന്നലെ ആരംഭിച്ചത്. കോളേജുകളിൽ അദ്ധ്യാപകരും മാനേജ്‌മെന്റും ചേർന്ന് വിദ്യാർത്ഥികൾക്ക് സാനിറ്റൈസറടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലല്ലെങ്കിലും പനിയും മറ്റുമുള്ളവർക്കായി പ്രത്യേക റൂമുകൾ തയാറാക്കി അതീവ ജാഗ്രതയോടെയാണ് കോളേജുകൾ പരീക്ഷ നടത്തിയത്. അദ്ധ്യാപകർക്ക് കൈയുറയടക്കം മിക്ക കോളേജുകളും നൽകി. 37506 റഗുലർ വിദ്യാർത്ഥികളും 7753 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഇന്നലെ അഞ്ചു ജില്ലകളിലായി പരീക്ഷയെഴുതിയത്. ആറാം സെമസ്റ്റർ റഗുലർ പരീക്ഷയ്‌ക്കൊപ്പംതന്നെ പ്രൈവറ്റ് പരീക്ഷകളും നടത്തുന്നത് ഇതാദ്യമാണ്. പ്രൈവറ്റ് വിദ്യാർത്ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതിലൂടെ നിറവേറിയത്. ഒരേ ചോദ്യക്കടലാസാണ് റഗുലറിനും പ്രൈവറ്റിനും ഉപയോഗിക്കുന്നത്. ഓൺലൈൻ ട്രാൻസ്മിഷൻ സംവിധാനത്തിലൂടെയാണ് ചോദ്യക്കടലാസുകൾ കോളേജുകൾക്ക് നൽകുന്നത്. ഇന്നലെ റഗുലർ, പ്രൈവറ്റ് യു.ജി.യുടെ കോർ കോഴ്‌സിന്റെ പരീക്ഷകളാണ് ഉച്ച കഴിഞ്ഞ് നടന്നത്. വെള്ളിയാഴ്ചയൊഴികെ എല്ലാ ദിവസങ്ങളിലും ഉച്ച കഴിഞ്ഞ് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ. ആറാം സെമസ്റ്റർ പരീക്ഷകൾ 30ന് അവസാനിക്കും.
എല്ലാവരുടെയും സഹകരണത്തോടെ ആശങ്കകളില്ലാതെ വിജയകരമായി പരീക്ഷകൾ ആരംഭിക്കാൻ കഴിഞ്ഞതായി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലിരിക്കുന്നവർക്കും ലക്ഷദ്വീപിൽ നിന്ന് പരീക്ഷയ്‌ക്കെത്താൻ കഴിയാത്തവർക്കുമായി പ്രത്യേക പരീക്ഷ നടത്തും. ഇന്ന് ബിരുദം നാലാം സെമസ്റ്റർ പരീക്ഷകൾക്ക് തുടക്കമാകും. വിദ്യാർത്ഥികളുടെ തിരക്കൊഴിവാക്കാൻ ഒന്നിടവിട്ട ദിവസങ്ങളിലാണ് നാല്, ആറ് സെമസ്റ്റർ പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. 39,021 വിദ്യാർത്ഥികളാണ് ഏപ്രിൽ ആറുവരെ നടക്കുന്ന നാലാം സെമസ്റ്റർ പരീക്ഷയെഴുതുക.