എലിക്കുളം: ജലസേചന വകുപ്പ് നടപ്പാക്കുന്ന പൊന്നൊഴുകുംതോട് നവീകരണ പദ്ധതി തുടങ്ങി. എലിക്കുളം പഞ്ചായത്തിലെ അഞ്ചു കി.മീ.പരിധിയിൽ 1.15 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നിർവഹണം. തോടിന്റെ ആഴവും വീതിയും കൂട്ടി ബണ്ടുകൾ നിർമ്മിച്ച് ജലസമൃദ്ധമാക്കുന്ന പദ്ധതി പ്രദേശത്തെ പാടശേഖരങ്ങൾക്കും ഗുണമാകും.

പദ്ധതിനിർവഹണ വിലയിരുത്തൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തി. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്, സെക്രട്ടറി കെ.ടി.ജോസഫ്, കൃഷിഓഫീസർ നിസ ലത്തീഫ്, ഹരിതകേരള മിഷൻ പ്രതിനിധി അനുപമ എന്നിവർ സംഘത്തിലുണ്ടായിരുന്നു.