പൊൻകുന്നം: അടച്ചിട്ടിരുന്ന അലമാരക്കുള്ളിൽ തീപടർന്ന് തുണികൾ കത്തിനശിച്ചു. പൊൻകുന്നം മൂലകുന്ന് കുന്നത്തുവയലിൽ കെ.ആർ.രാധാകൃഷ്ണന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് 5മണിയോടെയായിരുന്നു സംഭവം. മുറിക്കുള്ളിൽ നിന്ന് പുക കണ്ടപ്പോൾ വീട്ടുകാർ പൊൻകുന്നം പൊലീസിലും കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സിലും വിവരമറിയിച്ചു. പൊലീസും അയൽവാസികളും ചേർന്ന് പുകനിറഞ്ഞ മുറിക്കുള്ളിൽ കടന്ന് അലമാര തുറന്ന് തീ നിയന്ത്രണ വിധേയമാക്കി. ഫയർഫോഴ്‌സുമെത്തിയിരുന്നു.
അലമാര അടച്ചിരിക്കുകയായിരുന്നെങ്കിലും താക്കോൽ അതിൽ തന്നെ വെച്ചിട്ടുണ്ടായിരുന്നു. തീപിടിക്കാനിടയായ സാഹചര്യം വ്യക്തമായിട്ടില്ല. രാധാകൃഷ്ണന്റെ ഭാര്യയും മകന്റെ ഭാര്യയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇരുവരും വീടിന് പുറത്തായിരുന്നു. വീടിന്റെ മുൻവാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു.