തലയോലപ്പറമ്പ്: ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ.വിജയൻ നങ്ങേലിൽ, ജനറൽ സെക്രട്ടറി ഡോ. സി. എസ് കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറി ഡോ. ലിജു മാത്യു ഇളപ്പുങ്കൽ എന്നിവർ പ്രസംഗിച്ചു. നിയമ പോരാട്ടങ്ങളിലൂടെ ആയുർവേദ ആശുപത്രി മേഖല നേരിടുന്ന നിരവധി പ്രശ്‌നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കാണുന്നതിനും ഈ മേഖലയെ പരിരക്ഷിക്കുന്നതിന് അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് ജനറൽ സെക്രട്ടറി ഡോ.സി .എസ് കൃഷ്ണകുമാർ പറഞ്ഞു. ചെറുകിട മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ആയുർവേദ ആശുപത്രികളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്രമായ കർമപദ്ധതികൾ ഏപ്രിൽ 17ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും ഗവൺമെന്റ് പുതുതായി നടപ്പിലാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ചെറുകിട ആശുപത്രികൾക്ക് യുക്തമല്ലാത്ത രീതിയിലായതിനാൽ അതിൽ ഭേദഗതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഗവൺമെന്റ് ആയുർവേദ ഡോക്ടർമാർ നിയമവിധേയമല്ലാത്ത നടത്തുന്ന പഞ്ചകർമ്മ ചികിത്സകൾ നിർത്തലാക്കണമെന്ന പ്രമേയം ജില്ലാ സമ്മേളനത്തിൽ പാസാക്കി. പുതിയ
ജില്ലാ ഭാരവാഹികളായി ഡോ. വിജിത് ശശിധർ (പ്രസിഡന്റ്), ഡോ. രവിശങ്കർ (വൈസ് പ്രസിഡന്റ്), ഡോ. ബിനു .സി നായർ (സെക്രട്ടറി), ഡോ. കിരൺ ബാബു (ട്രഷറർ), ഡോ. ലക്ഷ്മി.എസ് കുറുപ്പ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.