വൈക്കം: ടവർ നിർമ്മാണത്തിന്റെ പേരിൽ പാടം നികർത്തി റോഡ് നിർമ്മിക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉദയനാപുരം പഞ്ചായത്തിൽപ്പെട്ട വേമ്പനാകരി പാടശേഖരത്താണ് കെ. എസ്. ഇ. ബി. ക്കുവേണ്ടി ടവർ നിർമ്മിക്കുന്നത്. ഇതിന്റെ മറവിൽ നിയമവിരുദ്ധമായി പൂഴിയിറക്കി റോഡ് നിർമ്മിക്കുകയാണെന്ന് ജനകീയ ജലസ്രോതസ് സംരക്ഷണ സമിതി ആരോപിച്ചു. പൂഴിയിറക്കുന്നത് തടയുകയും ചെയ്തു. തഹസിൽദാറും, വില്ലേജ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. വൈക്കം മുട്ടുങ്കൽ റോഡിന്റെ ഓരത്താണ് കെട്ടിടാവശിഷ്ടങ്ങളും പൂഴിയും ഇറക്കി പത്ത് മീറ്ററോളം ഭാഗം നികർത്തിയത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പൂഴിയിറക്കുന്നത് നിർത്തി. അപ്പർകുട്ടനാടിന്റെ ഭാഗമായ 40 ഏക്കറോളം വരുന്നതാണ് വേമ്പനാകരി പാടശേഖരം. കുട്ടനാട് പാക്കേജിൽപ്പെടുത്തി പുറംബണ്ട് നിർമ്മിച്ച് കൃഷി വികസിപ്പിക്കുവാൻ നടപടിയായ സാഹചര്യത്തിൽ അനധികൃത പാടം നികർത്തി റോഡ് നിർമ്മിക്കുന്നത് പദ്ധതി ലക്ഷ്യത്തിന് തടസ്സമാകുമെന്ന് ജനകീയ സമിതി ആരോപിച്ചു. നികർത്തിയ ഭാഗം പൂഴിയും അവശിഷ്ടങ്ങളും മാറ്റി പൂർവ്വ സ്ഥിതിയിലാക്കി നീരൊഴുക്കിനുള്ള സൗകര്യം ഒരുക്കണമെന്ന് ജനകീയ സമിതി ചെയർമാൻ പി. ഡി. രാജൻ, സെക്രട്ടറി ആർ. ഷാജി എന്നിവർ ആവശ്യപ്പെട്ടു.