prathi

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടറുടെയും ഭാര്യയുടെയും കിടപ്പറ ദൃശ്യങ്ങൾ വീടിന്റെ പാരപ്പറ്റിലിരുന്ന് മൊബൈൽ ഫോണിൽ പകർത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ. ആർപ്പൂക്കര മുതിരക്കാലായിൽ എം.ആർ രോഹിത്തിനെ (23) യാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. നേരത്തെ പിടിയിലായ ആർപ്പൂക്കര സ്വദേശി അൻസിൽ (26) റിമാൻഡിലാണ്.

രാത്രി വീടിന്റെ പാരപ്പറ്റിൽ മൊബൈൽ ഫോണും കൈയും കണ്ട് ഡോക്ടറുടെ ഭാര്യ ബഹളം വയ്ക്കുകയായിരുന്നു.

ഇതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. അൽപ സമയത്തിനു ശേഷം വീട്ടിൽ ബഹളം കേട്ടത് അന്വേഷിക്കാനെന്ന ഭാവത്തിൽ പ്രതികൾ ഡോക്ടറുടെ വീട്ടിൽ കയറിച്ചെന്നു. ഇയാളുടെ കൈയിലിരുന്ന മൊബൈൽ ഫോൺ കണ്ട് യുവതി തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു.

പൊലീസ് കേസെടുത്തതോടെ പ്രതികൾ ഒളിവിൽ പോയി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്ത് എത്തിയപ്പോഴാണ് രോഹിത്തിനെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു.