kob-vishnu-vkm-jpg


തലയോലപ്പറമ്പ് : കൂട്ടുകാരുമൊത്ത് വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ മനുഭവനിൽ മോഹനന്റെ മകൻ വിഷ്ണുവിന്റെ (26) മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നലെ രാവിലെ 11.45 ഓടെ സ്‌കൂബാ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ഞായറാഴ് വൈകിട്ട് 6ന് മുറിഞ്ഞപുഴയിലാണ് അപകടം നടന്നത്. മുറിഞ്ഞപുഴ സ്വദേശി ഹരികൃഷ്ണൻ, പിറവം സ്വദേശി ഏലിയാസ് എന്നിവർക്കൊപ്പം വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ വിഷ്ണു വെള്ളത്തിൽ ചാടി നീന്താൻ ശ്രമിക്കുന്നതിനിടെയാണ് കാണാതായത്. വൈക്കം അഗ്‌നിരക്ഷസേനയും പൊലീസും നാട്ടുകാരും ചേർന്ന് ഞായറാഴ്ച ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. പെയിന്റിംഗ് തൊഴിലാളിയായിരുന്ന വിഷ്ണു അവിവാഹിതനാണ്. വൈക്കം പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: ഓമന, സഹോദരൻ: മനു.സംസ്‌ക്കാരം നടത്തി.