കോട്ടയം: മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ടോറസ് ഇടിച്ച് മരിച്ചു. ഇന്ന് രാവിലെ 7.50ന് മണിപ്പുഴ ജംഗ്ഷനിലായിരുന്നു അപകടം. മകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവാഹനങ്ങളും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു. ചിങ്ങവനം പന്നിമറ്റം കുമരകത്ത് വീട്ടിൽ അഗസ്റ്റിന്റെ ഭാര്യ സാലമ്മയാണ് (50) മരിച്ചത്. മകൻ ജോമോൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചിങ്ങവനം സി.ഐ ബിൻസ് ജോസഫ് ഉടൻ സ്ഥലത്തെത്തി സാലമ്മയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയത്തേക്ക് വരികയായിരുന്ന സാലമ്മ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിറകിൽ ടോറസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സാലമ്മ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണു. തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് അറിയുന്നു. മണിപ്പുഴയിൽ അടുത്തകാലത്തായി നിരവധി വാഹനാപകടങ്ങൾ ഉണ്ടാകുകയും ജീവനുകൾ പൊലിയുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നുരാവിലെയുണ്ടായ അപകടം.