കോട്ടയം : ചിങ്ങവനം-ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാതയുടെ നിർമ്മാണത്തിനായി മുട്ടമ്പലം ഭാഗത്തെ മണ്ണ് നീക്കുന്ന ജോലികൾ അവസാനഘട്ടത്തിൽ. ഇവിടെ നിന്ന് കോട്ടയം റെയിൽവെ സ്റ്റേഷൻ വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ മണ്ണുനീക്കി പാളവും മേൽപ്പാലങ്ങളുമാണ് പണിയുന്നത്. മണ്ണെടുപ്പ് പൂർത്തിയായിക്കഴിയുമ്പോൾ റെയിൽവേ തുരങ്കത്തിന് സമാന്തരമായി പാളം നിർമിക്കാനുള്ള നടപടിയാരംഭിക്കും. ഇതോടെ തുരങ്കം വഴിയുള്ള കോട്ടയം യാത്ര ഓർമ്മയാകും.

മണ്ണ് ഏതാണ്ട് പൂർമ്മായി നീക്കിക്കഴിഞ്ഞിട്ടാവും പാലത്തിന്റെ നിർമാണം ആരംഭിക്കുക. ഇരട്ടപ്പാത പൂർത്തിയാകുന്നതോടെ ഗതാഗതം പുതിയ പാളത്തിലൂടെയായിരിക്കും. 84, 65 മീറ്റർ വീതം നീളമുള്ള ഈ രണ്ട് തുരങ്കങ്ങൾ ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിലാണ്. കോട്ടയം സ്റ്റേഷനും റബർ ബോർഡ് ഓഫീസിനടുത്തുമാണ് ഇവ സ്ഥിതി ചെയ്യുന്നത് .

റെയിൽവേ പാതയോളം തന്നെ പഴക്കമുള്ള രണ്ട് തുരങ്കങ്ങളും ഇരട്ടപ്പാതയ്ക്കായി പൊളിച്ച് നീക്കാതിരിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിനെ തുടർന്ന് പുതിയ പാളങ്ങൾ തുരങ്കങ്ങളിലൂടെയാക്കാൻ സാധ്യതാപഠനം നടത്തുകയും ചെയ്തു. എന്നാൽ, തുരങ്കത്തിന് മുകളിൽ പാറ അധികമില്ലാത്തതിനാൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മണ്ണുമാറ്റി ഇരട്ടപ്പാതയും മേൽപ്പാലങ്ങളും പണിയുന്നതിന് തുടക്കമായത്. പകരം തുരങ്കങ്ങളുള്ള പാളം ഷണ്ടിംഗിനായി ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഗതാഗതം നിരോധിച്ചു

റബർ ബോർഡിന് സമീപമുള്ള റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് മുന്നോടിയായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതം നിരോധിച്ചു. പൊലീസ് പരേഡ് മൈതാനത്തിൽ നിന്നും എ.ആർ കാമ്പിലേക്ക് പോകുന്ന വഴിയിലാണ് ഇന്നലെ മുതൽ അടുത്ത മാസം നാല് വരെ ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചത്. പൈപ്പ് ലൈൻ സ്ഥാപിച്ചാലുടൻ റയിൽവെയുടെ മേൽപ്പാല നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം.