corona-virus

കോട്ടയം: ഭർത്താവിന് 93 വയസ്സ്. ഭാര്യയ്‌ക്ക് 89. റാന്നി ഐത്തലയിൽ നിന്നുള്ള കൊറോണ ബാധിതരായ രണ്ടുപേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേറ്റഡ് വാ‌ർഡിലുണ്ട്. കൊച്ചുകുട്ടികളെയെന്ന പോലെ ഇവരെ പരിചരിക്കാൻ വലിയൊരു മെഡിക്കൽ സംഘം ഇരുപത്തിനാലു മണിക്കൂറും. പ്രായമുയർത്തിയ ആശങ്കകൾ മറികടന്ന് ഇരുവരും ഹാപ്പി!

കോട്ടയം മെഡി. കോളേജിൽ കൊറോണ സ്ഥിരീകരിക്കപ്പെട്ട് നാലുപേരാണ് ചികിത്സയിലുള്ളത്. ഇറ്റലിയിൽ നിന്ന് റാന്നിയിൽ മടങ്ങിയെത്തി, പത്തനംതിട്ടയിൽ ചികിത്സയിൽ കഴിയുന്ന ഗൃഹനാഥന്റെ മാതാപിതാക്കൾക്കു പുറമെ, ചെങ്ങളം സ്വദേശികളായ രണ്ടുപേർ.

പ്രായത്തിന്റെ ശാരീരികപ്രശ്നങ്ങളേറെയുണ്ട്,​ റാന്നിയിൽ നിന്നുള്ള വൃദ്ധ മാതാപിതാക്കൾക്ക്. അതിനിടെ ഒരാൾക്ക് ഹൃദയാഘാതവും വന്നു. അത്യാഹിതം സംഭവിക്കാതിരിക്കാൻ മെഡിക്കൽ സംഘം തുടക്കംതൊട്ടേ അതീവ ജാഗ്രതയിലായിരുന്നു.

വിവിധ ചികിത്സാ വകുപ്പുകളുടെ മേധാവികൾ കൃത്യമായ ഇടവേളകളിൽ വാർഡിലെത്തി ഇവരെ പരിശോധിക്കും. പ്രഷറും ഷുഗറും കൊളസ്ട്രോളും ഹൃദ്രോഗവും അടക്കമുള്ള അസുഖങ്ങൾക്ക് മരുന്നു കൊടുക്കും. മനസ്സിന് ശക്തിപകരാൻ പ്രത്യേക കൗൺസലിംഗുമുണ്ട്. ''ആരോഗ്യ പുരോഗതി വിലയിരുത്താൻ ദിവസവും മെഡിക്കൽ ബോർഡ് ചേരും. സപ്പോർട്ടീവ് കെയറാണ് നൽകുന്നത്. ആശങ്കപ്പെടാൻ ഒന്നുമില്ലെങ്കിലും പ്രായമാണ് പ്രധാന വെല്ലുവിളി. കൊറോണ നെഗറ്റീവ് എന്ന റിപ്പോർട്ടുമായിത്തന്നെ ഇരുവരെയും വീട്ടിലേക്കു തിരികെയയയ്ക്കാനുള്ള ശ്രമവും പ്രാർത്ഥനയുമാണ് ‍ഞങ്ങൾക്ക്."മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

രാവിലെ ദോശയോ ഇഡ്ഡലിയോ ആണ് ഭക്ഷണം. നന്നായി വെള്ളം കൊടുക്കും. ദഹനപ്രശ്നമുള്ളതുകൊണ്ട് നോൺവെജ് പ്രോത്സാഹിപ്പിക്കാറില്ല. ഇടയ്‌ക്കിടെ പഴങ്ങളും വിറ്റാമിൻ ഗുളികകളും. കൊറോണ ബാധിതരാണെന്ന ചിന്തപോലും ഇപ്പോൾ അവർക്കില്ല. നല്ല പരിചരണം ഉറപ്പുവരുത്തുന്നുണ്ട്. അപ്പച്ചൻ തമാശ പറയാൻ മിടുക്കനാണ്. ഉരുളയ്‌ക്ക് ഉപ്പേരി പോലെയാണ് മറുപടി. അമ്മച്ചിക്ക് നേരത്തെ മുതൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. കോഫി ഹൗസിൽ നിന്ന് ഇഷ്ടപ്പെട്ട ആഹാരമെല്ലാം വാങ്ങിക്കൊടുക്കുന്നുണ്ട്- ആർ.എം.ഒ ഡോ. രഞ്ജിൻ പറയുന്നു.