പാലാ : മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ നീന്തൽക്കുളം ഏപ്രിൽ 1 മുതൽ പ്രവർത്തിച്ച് തുടങ്ങും. നേരത്തേ കുളം കരാറിലെടുത്ത തോപ്പൻസ് സ്വിമ്മിംഗ് അക്കാഡമിയുമായി പുതുക്കിയ വ്യവസ്ഥകൾക്ക് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗം അനുമതി നൽകിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പ്രവർത്തനമാരംഭിക്കാത്ത കുളത്തിന്റെ ദുരവസ്ഥയെക്കുറിച്ച് 'കേരളകൗമുദി ' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് നഗരഭരണ നേതൃത്വം ഇടപെട്ട് കുളം എത്രയും വേഗം നീന്തൽ താരങ്ങൾക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്.

കുളത്തിന്റെ കരാർ ഏറ്റെടുത്ത തോപ്പൻസ് അക്കാഡമി 10 ലക്ഷം രൂപ നഗരസഭയിൽ മുൻകൂറായി അടച്ചിരുന്നു. പ്രതിമാസ വാടക 26000 രൂപയാണ്. ഇതിനു പുറമെ കറന്റ് ചാർജ്, വാട്ടർ ചാർജ്, സർവീസ് ടാക്‌സ് , ജി.എസ്.ടി എന്നിവയും തോപ്പൻസ് അക്കാഡമി അടയ്ക്കണമെന്നും വ്യവസ്ഥയിലുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും, പുരുഷന്മാർക്കും നീന്തുന്നതിന് പ്രത്യേക സമയം നിശ്ചയിക്കും. ജലത്തിൽ കൂടി പകരുന്ന അസുഖമുള്ളവരെ സ്വിമ്മിംഗ് പൂളിൽ പ്രവേശിപ്പിക്കില്ല.

പുതുക്കിയ കരാർ വ്യവസ്ഥകൾ

നീന്തൽ പഠിക്കാൻ ഒരു മാസത്തേക്ക് : 2000 രൂപ

നീന്തൽ പരിശീലനത്തിന് ഒരുമാസം : 1500 രൂപ

കരാറുകാർക്ക് ഓഫീസ്, കോൺഫറൻസ് റൂം

പതിവായി വരുന്നവർക്ക് തിരിച്ചറിയൽ കാർഡ്

പ്രത്യേകമായി വൈദ്യുതി കണക്ഷനെടുക്കും

കുളത്തിലും പരിസരത്തും ഗ്രീൻ പ്രോട്ടോക്കാൾ

നീന്താനെത്തുന്നവർക്ക് കുളിക്കാനും, വസ്ത്രം മാറ്റുവാനും മറ്റു സൗകര്യങ്ങൾക്കും ക്രമീകരണം ചെയ്തിട്ടുണ്ട്

മുഹമ്മദ് ഹുവൈസ് ,നഗരസഭ സെക്രട്ടറി

ഇവർക്ക് സൗജന്യം

നിലവിലെ മുനിസിപ്പൽ കൗൺസിലർമാർക്കും, മുൻ കൗൺസിലർമാർക്കും തികച്ചും സൗജന്യമായി നീന്തൽക്കുളം ഉപയോഗിക്കാം. ഫിൽട്ടേഴ്‌സ്, പമ്പ് , മോട്ടോർ , ഇലക്ട്രിക്കൽ സംവിധാനം തുടങ്ങിയവ കാലാകാലങ്ങളായി പരിശോധിക്കാനും തകരാർ ഉണ്ടെങ്കിൽ പരിഹരിക്കാനുമുള്ള ചുമതല കരാറുകാർക്കാണ്. കുളത്തിലെ വെള്ളം ഇടയ്ക്കിടെ പരിശോധിക്കുകയും ശുചിയായി സൂക്ഷിക്കുകയും വേണം.