വൈക്കം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വൈക്കം നഗരസഭാ തലത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ആരോഗ്യ രംഗത്ത് കനത്ത ആശങ്കകൾ നിലനിൽക്കുന്ന കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പ്രതിരോധ ബോധവത്കരണം സംഘടിപ്പിക്കും. എല്ലാ ആൾക്കൂട്ടങ്ങളും ഒഴിവാക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ആശുപത്രികളിലെ രോഗി സന്ദർശനം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകി ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കും. രാഷ്ട്രീയ-സാമൂഹിക -തൊഴിലാളി സംഘടനകളുടെ സഹായത്തോടെ സ്ഥാപനങ്ങളിലും ഓഫീസുകളിലും, പൊതു കവലകളിലും ബോർഡുകൾ സ്ഥാപിക്കും. നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ബിജു കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അനിത ബാബു, ആർ.എം.ഒ ഡോ.ഷീബ, ഡോ.വിനോദ്, ഡോ.പ്രവീൺ എന്നിവർ രോഗപ്രതിരോധ മാർഗങ്ങൾ വിശദീകരിച്ചു. വൈസ് ചെയർമാൻ ഇന്ദിരാദേവി, മുൻ ചെയർമാൻമാരായ അനിൽ ബിശ്വാസ്, ഡി. രഞ്ജിത്ത്, കൗൺസിലർമാരായ ഹരിദാസൻ നായർ, കിഷോർ കുമാർ, കെ.ആർ. രാജേഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അംബരീഷ്, രോഹിണിക്കുട്ടി അയ്യപ്പൻ, കെ.ആർ. സംഗീത തുടങ്ങിയവർ പ്രസംഗിച്ചു.