പാലാ : കുണ്ടും കുഴിയുമായി കിടക്കുന്ന കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് നവീകരിക്കുന്ന ജോലികൾക്ക് തുടക്കമായി. 28 ലക്ഷം രൂപ മുടക്കിയാണ് നവീകരണം. ഇന്നലെ മുതൽ ടൈലുകൾ പാകി തുടങ്ങി. സ്റ്റാൻഡിന്റെ ശോച്യാവസ്ഥയെപ്പറ്റി നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അടിയന്തിരമായി സ്റ്റാൻഡ് നന്നാക്കാൻ നഗരസഭ കൗൺസിൽ തീരുമാനമെടുത്തത്. സ്റ്റാൻഡിന്റെ കിഴക്കുഭാഗത്ത് വൈക്കം റോഡിനോട് ചേരുംവരെയാണ് നന്നാക്കുന്നത്. ഇതിനായി സ്റ്റാൻഡ് ഭാഗികമായി അടച്ചു. ടൈലുകൾ പാകുന്നതിനൊപ്പം ഓടയും നിർമ്മിക്കും. വർഷകാലത്ത് മഴ വെള്ളം കെട്ടിനിൽക്കുന്നതാണ് സ്റ്റാൻഡ് തകരാൻ കാരണമെന്ന് നഗരസഭ എൻജിനിയറിംഗ് വിഭാഗം കണ്ടെത്തിയിരുന്നു. നഗരസഭ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് , വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ എന്നിവർ നിർമ്മാണ പുരോഗതി വിലയിരുത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
മഴ വെള്ളം ഒഴുകി പോകാൻ ഓടകൾ നിർമ്മിക്കും
സ്റ്റാൻഡ് നവീകരണത്തിന് അനുവദിച്ചത് : 28 ലക്ഷം