കോട്ടയം: നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു. നഗരത്തിലെ റോഡുകളിൽ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിൽ കച്ചവടം ചെയ്‌തിരുന്ന വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭ കൗൺസിലിൽ തീരുമാനമായിരുന്നു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ‌്മെന്റ് ആ‌ർ.ടി.ഒ ടോജോ എം. തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശാസ്ത്രിറോഡിലും, തിരുനക്കരയിലും, നാഗമ്പടത്തും, കുര്യൻ ഉതുപ്പ് റോഡിലും അടക്കമുള്ള കയ്യേറ്റങ്ങളാണ് പൂർണമായും ഒഴിപ്പിച്ചത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ അനധികൃത വഴിയോരക്കച്ചവടക്കാർ റോഡിലേയ്ക്കു കയറ്റിയും, നടപ്പാതകൾ കയ്യേറിയും കച്ചവടം നടത്തിയിരുന്നു. കേരള കൗമുദി അടക്കമുള്ള മാദ്ധ്യമങ്ങൾ ഇതു സംബന്ധിച്ച് വാർത്ത നൽകിയതിനു പിന്നാലെ, എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം. തോമസ് പരിശോധിച്ച ശേഷം, റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിനും, നഗരസഭാദ്ധ്യക്ഷ ഡോ. പി.ആർ. സോനയ്ക്കും കത്തയച്ചിരുന്നു.


ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്‌തു. തുടർന്ന് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് നാലോടെ നഗരസഭ ആരോഗ്യ വിഭാഗം രംഗത്തിറങ്ങി.

നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ. സോന, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജേക്കബ്‌സൺ, അജിത്ത്, സൈനുദീൻ, സുനിൽ, പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ്, വിജയകുമാർ, സന്തോഷ്, ജീവൻ ലാൽ, ശ്യാംകുമാർ, ശ്രീജിത്ത്, ജയൻ, അനൂപ്, ഹാഹിദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ നടപടികൾ.

 നാഗമ്പടത്ത് തർക്കവും നേരിയ സംഘർഷവും

നാഗമ്പടത്തെ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തി. തുടർന്ന് നഗരസഭ അധികൃതർ പൊലീസ് സഹായം തേടി. പൊലീസ് സഹായത്തോടെയാണ് പിന്നീട് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിച്ചത്

ശക്തമായ നടപടിയെടുക്കും

നഗരത്തിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തമായി തുടരും. യാതൊരു വിധ വിട്ടുവീഴ്‌ചയും ഉണ്ടാകില്ല. അപകടകരമല്ലാത്ത രീതിയിൽ റോഡിൽ കച്ചവടം നടത്തുന്നവരെ തടയില്ല. പക്ഷേ, ഗതാഗത തടസം ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും.

ഡോ.പി.ആർ സോന

നഗരസഭ അദ്ധ്യക്ഷ