കോട്ടയം: ഓട്ടോക്കാർക്കും ടാക്‌സിക്കാർക്കും ഓട്ടമില്ല, ദിവസം നൂറു രൂപ കിട്ടിയാലായി. സ്വകാര്യ ബസുകൾ ഓരോന്നായി സർവീസ് നിർത്തിത്തുടങ്ങി, വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം ചുരുങ്ങി. കൊറോണയുടെ നിയന്ത്രണങ്ങൾ ഒരാഴ്ച പിന്നിട്ടതോടെ എങ്ങും പ്രതിസന്ധിയാണ്. തുറന്നുവയ്ക്കുന്നതല്ലാതെ പകുതിയിലേറെ കടകളിലും കച്ചവടം നടക്കുന്നില്ലെന്നു വ്യാപാരികൾ പറയുന്നു.
ഓട്ടോക്കാരും ടാക്സിക്കാരുമൊക്കെ വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഓട്ടോറിക്ഷകൾ നൂറ് രൂപയ്ക്കു പോലും ഒരു ദിവസം ഓടുന്നില്ല. വാടകയ്ക്ക് ഓടുന്നവർ ഓട്ടോറിക്ഷാ ഷെഡ്ഡിലാക്കിയിട്ട് ദിവസങ്ങളായി. ദിവസച്ചിട്ടിയും ലോണടവും മുടങ്ങി. കടകളിൽ ദിവസക്കൂലിക്കാരായ തൊഴിലാളികളെ തത്ക്കാലത്തേയ്ക്ക് ഒഴിവാക്കി, കടകൾ നേരത്തെ അടച്ച് വൈദ്യുതി ചെലവും കുറയ്ക്കാനുള്ള ശ്രമത്തിലാണ് മറ്റൊരു വിഭാഗം. കട അടച്ചിട്ടാൽ സൽപേരിനെ ബാധിക്കുമെന്നതിനാൽ ഒന്നും പറ്റാത്ത അവസ്ഥയിലാണ് മറ്റ് ചിലർ. പ്രതിദിന ലാഭത്തിൽ നിന്നു വാടക, വൈദ്യുതി ചാർജ്, ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ കൊടുത്തിരുന്ന ചെറുകിടക്കാർ ഇപ്പോൾ ദൈനംദിന ചെലവിനാവശ്യമായ പണം കണ്ടെത്താൻ വിഷമിക്കുകയാണ്.
ഇന്ധനം തീരുന്ന മുറയ്ക്ക് സർവീസ് അവസാനിപ്പിക്കേണ്ട അവസ്ഥയാണ് ജില്ലയിലെ സ്വകാര്യ ബസുകൾക്ക്. നിന്ന് തിരിയാൻ ഇടമില്ലാതെ സ്റ്റാൻഡ് വിട്ടിരുന്ന ബസുകളിലൊക്കെ കാലിയായ സീറ്റുകൾ. ദിവസം രണ്ടായിരത്തിലേറെ രൂപ നഷ്ടം സഹിച്ചാണ് പല സർവീസുകളും നടത്തുന്നത്.
'' വിശ്രമമില്ലായെ ഒാട്ടം കിട്ടിയിരുന്നിടത്ത് ഇപ്പോൾ ഓട്ടം വിളിക്കാൻ ആരുമില്ല. ഈ സാഹചര്യം ഇനി എത്രനാൾ തുടരുമെന്ന് അറിയില്ല. കൊറോണ പേടിയെത്തുടർന്ന് പൊതു വാഹനങ്ങളിലും പൊതു ഇടങ്ങളിലും കാര്യമായി ആരും എത്താതായിരിക്കുന്നു. സാധാരണ സൂപ്പർ മാർക്കറ്റുകളിലേയ്ക്കും തിരിച്ചും ഓട്ടം കിട്ടുമായിരുന്നു. ഇപ്പോൾ അതുമില്ല. തിയേറ്ററെങ്കിലും തുറന്നാൽ മതിയായിരുന്നു''
- രമേശൻ, ഓട്ടോറിക്ഷാ ഡ്രൈവർ
സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതി അടയ്ക്കുന്നതിന് തിങ്കളാഴ്ച സാവകാശം അനുവദിച്ചെങ്കിലും പലർക്കും പ്രയോജനപ്പെടുത്താനായില്ല. നികുതി അടയ്ക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന തിങ്കളാഴ്ച, പിഴ അടയ്‌ക്കേണ്ടി വരുമല്ലോയെന്ന ധാരണയിൽ കടം മേടിച്ച് അടച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്.
-സുരേഷ് , പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
ബസുകളുടെ നഷ്ടക്കണക്ക്
ശരാശരി വേണ്ടത് 70 ലിറ്റർ ഡീസൽ
ഇതിന് 5000 രൂപയോളം ചെലവാകും
രണ്ടു ജീവനക്കാരുണ്ടെങ്കിൽ 2000 രൂപ
സ്റ്റാന്റ് ഫീസ് ഉൾപ്പെടെ 250 രൂപ
കിട്ടുന്നത് 5500 രൂപയിൽ താഴെ മാത്രം