പാലാ : കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ അടക്കില്ലെന്നും പകരം കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ച് തുറന്ന് പ്രവർത്തിപ്പിക്കുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം നിരുത്തരവാദപരമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു. രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗം എത്തുന്ന മദ്യശാലകൾ അടയ്ക്കാത്തത് പണസമ്പാദനം മാത്രം മുന്നിൽക്കണ്ടാണ്. കൂടുതൽ ജാഗ്രത പുലർത്തേണ്ട ഈ വിഭാഗത്തെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ട്. കൊറോണയുടെ മറവിൽ മദ്യശാലകളിൽ കൂടുതൽ സൗകര്യമേർപ്പെടുത്തുകയല്ല വേണ്ടത്. വിദേശരാജ്യങ്ങളും, കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയും മദ്യശാലകൾ അടച്ചിട്ടിരിക്കുന്നത് സംസ്ഥാന സർക്കാർ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.