ചങ്ങനാശേരി: തുക അനുവദിച്ചിട്ടും പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിക്കാതെ വാഴപ്പള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മണ്ണ് പരിശോധന നടത്തിയശേഷം സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ഇതിനു കാരണം. ഹൈസ്‌കൂളിനും ഹയർസെക്കൻഡറിക്കുമായി മൂന്ന് നില കെട്ടിടം നിർമ്മിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഒന്നരക്കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലറും പ്രഥമ അദ്ധ്യാപികയും നഗരസഭ ഓഫീസിൽ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് നാളുകളേറെയായി. നാളിതുവരെയായിട്ടും യാതൊരു നടപടിയുമായില്ല. അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമ്മിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്.
കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തെ മണ്ണിന്റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധനാഫലം കൂടി നൽകിയാലെ വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ചുള്ള മറ്റ് നടപടികൾ പൂർത്തിയാക്കാൻ കഴിയൂ. മണ്ണ് പരിശോധിച്ച് നൽകുന്നതിന് 40,000 രൂപയോളം വേണമെന്നാണ് എൻജിനിയറിംഗ് വിഭാഗം പറയുന്നത്. നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഈ തുക കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഇതിനായുള്ള തുക കണ്ടെത്തുകയും മണ്ണ് പരിശോധനാഫലം സർക്കാരിലേക്ക് എത്രയും വേഗം സമർപ്പിക്കുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, കംപ്യൂട്ടർലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ വിഭാവനം ചെയ്യുന്നത്.