school

കറുകച്ചാൽ: അവധിയാണെങ്കിലും വാട്സാപ്പിലൂടെ പഠനം സജീവമാക്കാനൊരുങ്ങി കങ്ങഴ വേലപ്പൻ മെമ്മോറിയിൽ എൽ.പി.സ്‌കൂൾ അധികൃതർ. ഇതിനായി വാട്‌സാപ്പ് ക്ലാസ് റൂം ആരംഭിച്ചു കഴിഞ്ഞു. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് വാട്‌സാപ്പ് ക്ലാസ് റൂം ആരംഭിച്ചത്. ഓരോ കുട്ടികളുടെയും രക്ഷിതാക്കളുടെ വാട്‌സാപ്പ് നമ്പറുകൾ ശേഖരിച്ച് ഓരോ ക്ലാസിനും ഓരോ ഗ്രൂപ്പ് വീതം പ്രവർത്തിച്ചു തുടങ്ങി. എൽ.കെ.ജി. മുതൽ നാലാംക്ലാസു വരെയുള്ള കുട്ടികളുടെ പാഠഭാഗങ്ങൾ ഗ്രൂപ്പുകളിൽ അദ്ധ്യാപകർ അയയ്ക്കും. തിങ്കൾ മുതൽ എല്ലാ ദിവസവും അദ്ധ്യാപകർ സ്‌കൂളിൽ ഒത്തു ചേർന്ന് ഓരോ ക്ലാസിനും ആവശ്യമായ പാഠ ഭാഗങ്ങൾ ഏറ്റവും ലളിതമായ രീതിയിൽ തയ്യാറാക്കുകയാണ്. പുതിയ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് പഴയ പാഠഭാഗങ്ങൾ സമഗ്രമായി പഠിക്കുന്നതിനും, സംശയ നിവാരണം നടത്തി മികച്ച നിലവാരം ഓരോ വിഷയങ്ങളിലും പുലർത്താൻ കഴിയുമെന്നാണ് പ്രധാനാദ്ധ്യാപകൻ ജി.സതീഷ്‌കുമാർ പറയുന്നത്. അദ്ധ്യാപകരായ സവിതാ ആർ. നായർ, ജി. ബിന്ദു, ആശാ എസ്. നായർ, ടി.എസ്. ലൈലാബീവി, അരുണാ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാട്‌സാപ്പ് ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നത്.