കോട്ടയം: നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിലെ ഹാർഡ് ഡിസ്‌ക് കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥരെ പഴിചാരിയ മുൻസെക്രട്ടറിക്കെതിരെ ചെയർപേഴ്‌സൻ ഡോ. പി.ആർ. സോന. കൈക്കൂലിയുമായി ബന്ധപ്പെട്ട് വിജിലൻസ് തെളിവിനായി ശേഖരിച്ച സി.സി.ടിവിയുടെ ഹാർഡ് ഡിസ്ക് ചില ഉദ്യോഗസ്ഥർ എടുത്തതാണെന്ന് മുൻ സെക്രട്ടറി തെറ്റദ്ധരിപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച പരാതിയും നൽകി. പിന്നീടാണ് സത്യാവസ്ഥ മനസിലാക്കിയതെന്നും ചെയർപേഴ്സൺ പറഞ്ഞു. മുൻസെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും ഉദ്യോഗസ്ഥരെ കുറ്റാരോപണത്തിൽനിന്ന് ഒഴിവാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നെങ്കിലും തീരുമാനമുണ്ടായില്ല.
ചെയർപേഴ്സൺന്റെ വാർഡിൽ നഗരസഭയുടെ അനുവാദമില്ലാതെ മണ്ണ് നീക്കിയ പ്രശ്‌നം പ്രതിപക്ഷം ഉന്നയിച്ചു. വിഷയത്തിൽ പരാതി നൽകി എന്ന് ചെയർപേഴ്‌സൻ പറഞ്ഞു. ലഭ്യമായ ഫണ്ട് കളയാതെ കൂടുതൽ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തി ഡി.പി.സി അംഗീകാരം നേടാൻ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ആവശ്യമുയർന്നു. വർക്ക് എടുത്തിട്ടും ജോലി ചെയ്യാതിരിക്കുന്ന കരാറുകാർക്കെതിരെയും രൂക്ഷവിമർശനമുണ്ടായി. കൊറോണയുടെ പശ്ചാത്തലത്തിൽ കളക്ടറുടെ അനുമതിയോടെയാണ് കൗൺസിൽ കൂടിയത്.