കോട്ടയം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കോട്ടയം സ്വദേശികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 87 പേരിൽ 83 പേരിലും ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. കൊറോണയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങൾ കണ്ടെത്തിയ നാലു പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എങ്കിലും ഇവർ എല്ലാവരും ഏപ്രിൽ അഞ്ചുവരെ ഹോം ക്വാറന്റയിനിൽ തുടരും.
കൊറോണ ബാധിത മേഖലകളിൽനിന്നെത്തിയ 77 പേർക്കുകൂടി ഇന്നലെ ജില്ലയിൽ ഹോം ക്വാറന്റയിൻ നിർദേശിച്ചു. ഇവരിൽ ഒരാൾ രോഗം സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെ പട്ടികയിലാണ്. ഇതോടെ ജനസമ്പർക്കമില്ലാതെ വീടുകളിൽ കഴിയുന്നവരുടെ എണ്ണം 1378 ആയി. ഒരാളെക്കൂടി ഇന്നലെ ആശുപത്രി നിരീക്ഷണത്തിലാക്കി. കോട്ടയം സ്വദേശിയായ യുവതിയെയാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ കുട്ടിയെയും വിദേശത്തുനിന്നും വന്ന യുവാവിനെയും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസോലേഷൻ വിഭാഗത്തിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ഇരുവരും ഹോം ക്വാറന്റയിനിൽ തുടരും. ഇവരുടേതുൾപ്പെടെ അഞ്ചു സാമ്പിൾ പരിശോധനാ ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവാണ്.
വിദേശ പൗരൻമാർക്കായി പ്രത്യേക നിരീക്ഷണ കേന്ദ്രം;
രോഗികളെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി
കോട്ടയം: വിദേശത്തുനിന്ന് ജില്ലയിലെത്തുന്നവർക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലലെങ്കിലും 28 ദിവസം വീടുകളിൽ ജനസമ്പർക്കമില്ലാതെ കഴിയണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. താമസ സൗകര്യമില്ലാത്ത വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള വിദേശ പൗരൻമാർക്കായി പ്രത്യേക ക്വാറന്റയിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്തെത്തിയ രണ്ട് ഫ്രഞ്ച് പൗരൻമാരെയും സ്‌പെയിനിൽനിന്നുള്ള രണ്ടു പേരെയും പാലാ ജനറൽ ആശുപത്രിയിൽനിന്ന് ഈ കേന്ദ്രത്തിലേക്ക് മാറ്റി. നിരീക്ഷണ കാലാവധിയായ 28 ദിവസം പിന്നിട്ടാൽ ഇവർക്ക് സംസ്ഥാനത്ത് യാത്ര ചെയ്യുന്നതിനോ നാട്ടിലേക്ക് മടങ്ങുന്നതിനോ നിയന്ത്രണമില്ല.
വിദേശ പൗരൻമാരെ കൊറോണ ബാധിതരായി മുദ്രകുത്തുകയും അവർക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു. നിരീക്ഷണ കാലാവധി പിന്നിട്ട വിദേശികൾക്ക് താമസ സൗകര്യവും ഭക്ഷണവും നിഷേധിക്കാൻ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ കോട്ടയം ജില്ല
പരിശോധിച്ച സാമ്പിളുകൾ 98
പോസിറ്റീവ് 2
നെഗറ്റീവ് 69
ഫലം വരാനുള്ളവ 24
നിരാകരിച്ചവ 3
രോഗം സ്ഥീരികരിച്ചവരുടെ
സഞ്ചാര പഥം പ്രസിദ്ധീകരിച്ചതിനുശേഷം
റിപ്പോർട്ട് ചെയ്തവർ 53
ഇന്ന് റിപ്പോർട്ട് ചെയ്തവർ 0
രോഗം സ്ഥിരീകരിച്ചവരുടെ
ഇന്നത്തെ പ്രൈമറി കോൺടാക്ടുകൾ 1
ആകെ പ്രൈമറി കോൺടാക്ടുകൾ 129
സെക്കൻഡറി കോൺടാക്ടുകൾ (ഇന്ന്) 2
സെക്കൻഡറി കോൺടാക്ടുകൾ (ആകെ) 460
റെയിൽവേ സ്റ്റേഷനുകളിലും
ബസ് സ്റ്റാൻഡുകളിലും ഇന്ന് പരിശോധനയ്ക്ക്
വിധേയരായ യാത്രക്കാർ 2318
റെയിൽവേ സ്റ്റേഷനുകളിലും
ബസ് സ്റ്റാൻഡുകളിലും പരിശോധനയ്ക്ക്
വിധേയരായ ആകെ യാത്രക്കാർ 3170
ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയവർ 0
ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർ 6
(ഇവർ വന്ന സ്ഥലങ്ങൾ: അബുദാബി 1, ഡൽഹി 1, ബാംഗ്ലൂർ 4)
കൺട്രോൽ റൂമിൽ ഇന്ന് വിളിച്ചവർ 81
കൺട്രോൾ റൂമിൽ വിളിച്ചവർ ആകെ 953
ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ
ഇന്ന് ബന്ധപ്പെട്ടവർ 11
ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ
ബന്ധപ്പെട്ടവർ ആകെ 49