പാലാ : എസ്.ബി.ഐ ഭരണങ്ങാനം ശാഖയിൽ നിന്ന് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിപ്പട്ടികയിലുള്ള മനോജ്, ഉല്ലാസ് എന്നിവരുടെ താമസസ്ഥലങ്ങളിൽ റെയ്ഡ് നടത്തിയ പൊലീസ് ഇതുസംബന്ധിച്ച ചില രേഖകൾ പിടിച്ചെടുത്തതായും സൂചനയുണ്ട്. അന്വേഷണസംഘം രണ്ടായി തിരിഞ്ഞായിരുന്നു തെരച്ചിൽ. ഒരുസംഘം വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ കസ്റ്റഡിയിലെടുത്തു. ഇത് ബാങ്കിംഗ് മേഖലയിലെ വിരമിച്ച വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധിച്ച് വരികയാണ്. സംഭവത്തിലുൾപ്പെട്ട പത്തോളം പേർ ഒളിവിൽപോയതായാണ് സൂചന. പ്രാഥമികാന്വേഷണത്തിൽ രണ്ടുകോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പ് നടന്നതായാണ് സൂചന. ഇന്നലെ പിടിയിലായ സിബി, ജയ്‌സൺ എന്നിവരെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിലുൾപ്പെട്ടവരുടെ ചില ബന്ധുക്കളെ ഇന്ന് ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.