വൈക്കം: വൈക്കം താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട കോട്ടയം സഹകരണ ജോയിന്റ് രജിസ്ട്രാറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ബാങ്ക് ഭരണസമിതിക്കെതിരെ ചിലർ നൽകിയ പരാതികളുടെയും അന്വേഷണ റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ജോയിന്റ് രജിസ്ട്രാർ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററെ ചുമതലയേൽപ്പിച്ചത്. ഭരണ സമിതിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ബാങ്കിനെ അപകീർത്തിപ്പെടുത്താനായി ചില ഭാഗങ്ങളിൽ നിന്ന് നടന്നു വരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഭരണസമിതി പിരിച്ചുവിടപ്പെട്ടതെന്നും നടപടി ഏകപക്ഷീയമാണെന്നുമാണ് ഭരണസമിതിക്ക് നേതൃത്വം നൽകുന്നവർ പ്രതികരിച്ചത്. ബാങ്ക് പ്രസിഡന്റ് പോൾസൺ ജോസഫ്, വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ, ഭരണസമിതിയംഗങ്ങളായ വക്കച്ചൻ മണ്ണത്താലി, കെ.എസ്. ബിജുമോൻ, ബിജു മൂഴിയിൽ, തങ്കമ്മ വർഗ്ഗീസ് എന്നിവർ ചേർന്ന് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലുണ്ടായിരുന്ന ഭരണസമിതി പുനസ്ഥാപിക്കാനും കോടതി ഉത്തരവായിട്ടുണ്ട്. ഹർജ്ജിക്കാർക്ക് വേണ്ടി അഡ്വ.പി.എൻ. മോഹനൻ ഹജരായി.