വൈക്കം: കൊറോണയെ തടയാൻ മണ്ഡലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായി. വിദേശത്തുനിന്നും, കേരളത്തിനു വെളിയിൽ നിന്നും വരുന്നവരെയും കാറ്റഗറി അനുസരിച്ച് ഹോം ക്വാറന്റയിന് വിധേയമാക്കി ആരോഗ്യവകുപ്പ് നിരീക്ഷിച്ചു വരുന്നു. ജാഗ്രതാ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഗൃഹപ്രവേശവും വിവാഹവും ഉൾപ്പെടെയുള്ള മംഗളകർമങ്ങൾ ചടങ്ങുകളിൽ മാത്രമായി ഒതുക്കി ജനങ്ങൾ സഹകരിക്കുന്നുണ്ട്. നിയോജകമണ്ഡലത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രവർത്തനങ്ങൾ ആരംഭിച്ചു. മുഴുവൻ ആരോഗ്യവകുപ്പ് ജീവനക്കാർക്കും ആശാപ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും പരിശീലനം നൽകുകയും കോ-ഓർഡിനേഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തതായി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ജി.ഐ സപ്ന അറിയിച്ചു. ആശങ്കകൾ അകറ്റുന്നതിനും ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായി ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്. കൊറോണ പകരാതിരിക്കാനുള്ള മാർഗനിർദേശങ്ങളുമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ഭവന സന്ദർശനം നടത്തി. ബോധവത്കരണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മൈക്ക് പ്രചാരണം, നോട്ടീസ് വിതരണം, പോസ്റ്ററുകൾ പ്രദർശിപ്പിക്കൽ എന്നിവയും, റിസോർട്ടുകളിലും ഹോം സ്റ്റേകളിലും പരിശോധനയും നടത്തിവരുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ നാല് ഐസോലേഷൻ വാർഡുകൾ പ്രവർത്തനസജ്ജമാണ്. വ്യക്തി ശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്ന 'ബ്രേക്ക് ദ ചെയിൻ കാമ്പയി"ന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹാൻഡ് വാഷ് കോർണറുകൾ തുറന്നു. വിദേശത്തു നിന്നും വരുന്നവർ തങ്ങളുടെ പരിധിയിലുള്ള ആരോഗ്യസ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സി.കെ ആശ എം.എൽ.എ അറിയിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അവലോകനം ചെയ്യുന്നതിനുമായി താലൂക്കിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗം ഇന്ന് രാവിലെ 10ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുമെന്നും സി.കെ ആശ അറിയിച്ചു.