തലയോലപ്പറമ്പ്: കൊറോണ ഭീതിയിൽ വിവാഹ സദ്യകളും കാവുകളിലെ തൂക്കങ്ങളും ഒഴിവാക്കിയപ്പോൾ പ്രതിസന്ധിയിലായവരിൽ കാറ്ററിംഗ് സ്ഥാപനങ്ങളും തൊഴിലാളികളും. കഴിഞ്ഞ ദിവസങ്ങളിൽ തലയോലപ്പറമ്പ്, മുളക്കുളം, ഞീഴൂർ, കടുത്തുരുത്തി പഞ്ചായത്തുകളിൽ നിരവധി വിവാഹങ്ങളും മറ്റു ചടങ്ങുകളുമാണ് സത്കാരങ്ങളില്ലാതെ പേരിന്ചടങ്ങു മാത്രമായി നടത്തിയത്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ആചാരപരമായ ചടങ്ങ് മാത്രമായി കുറച്ചു. പ്രളയത്തിന് ശേഷം ഉണ്ടായ മറ്റൊരു വലിയ തിരിച്ചടിയാണ് കൊറോണ മൂലം ഉണ്ടായതെന്ന് പ്രദേശത്തെ വിവിധ കാറ്ററിംഗ് ഉടമകൾ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ മാത്രം 15-ഓളം വിവാഹ സത്കാരങ്ങളാണ് മുടങ്ങിയത്. ക്ഷേത്രത്തിലെ തൂക്ക സദ്യകൾ വേണ്ടെന്നു വച്ചതും തിരിച്ചടിയായെന്ന് ഇവർ പറഞ്ഞു. പ്രളയത്തിൽ മുടങ്ങിയ വിവാഹങ്ങൾ പിന്നീട് നടത്തിയതുകൊണ്ട് അന്നത്തെ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാൻ പറ്റി. ഇതു മൂലം വിളമ്പാനും പാചകത്തിനുമായി വരുന്ന തൊഴിലാളികളെയും മണ്ഡപം ഒരുക്കുന്നവർ പന്തൽ, മേളം തുടങ്ങി ഇതുമായി ബന്ധപ്പെട്ട നിരവധി ആളുകളെയുമാണ് കൊറോണ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ ഓട്ടവും നിലച്ച സ്ഥിതിയിലാണെന്ന് തൊഴിലാളികൾ പറയുന്നു.